പൂരം സ്ത്രീസൗഹൃദമാക്കും

തൃശൂര്‍: ഇത്തവണ പൂരം സ്ത്രീ സൗഹൃദമാക്കും. പൂരത്തിന് വനിതകള്‍ക്കായി പ്രത്യേക പവലിയന്‍ സജ്ജമാക്കിയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താനുമാണ് തീരുമാനം. തൃശൂര്‍ പൂരത്തിന്റെ വിജയകരമായ നടത്തിപ്പിന് കോര്‍പ്പറേഷന്‍ എല്ലാവിധ സഹായങ്ങളും ഒരുക്കി നല്‍കുമെന്ന് മേയര്‍.
മുന്‍വര്‍ഷങ്ങളിലെന്ന പോലെ ഇത്തവണത്തെ തൃശൂര്‍ പൂരവും മികച്ചതാക്കി മാറ്റാന്‍ കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന പ്രത്യേക സംഘടന യോഗത്തില്‍ മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകള്‍ക്ക് പൂരം ആസ്വദിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വനിതാ പോലീസുകാരെ പൂരത്തിനായി നിയോഗിക്കും. കൂടാതെ വനിതകള്‍ക്കായി പ്രത്യേക പവലിയനും പൂരപ്പറമ്പില്‍ സജ്ജമാക്കും. പൂരം നടത്തിപ്പിനായി മാത്രം മുവ്വായിരത്തിലധികം പോലീസുകാരെയാണ് നിയോഗിക്കുന്നത്. വെളിച്ചം, റോഡ്, സ്ലാബിട്ട ഓടകള്‍ എന്നിവയെല്ലാം പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൂരത്തോടനുബന്ധിച്ച് ഹോട്ടലുകളിലും മറ്റും ആരോഗ്യ വിഭാഗം പരിശോധന കര്‍ശനമാക്കും. അനുമതിയില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കി വില്‍ക്കുന്ന തട്ടുകടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വലിയ ഹോട്ടലുകളെ ലക്ഷ്യംവെച്ച് പരിശോധന നടത്തുകയും തട്ടുകടകളില്‍ പരിശോധന നടത്താതിരിക്കുകയും ചെയ്യുന്ന ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ അംഗം കെ.മഹേഷ് ആരോപിച്ചു. വെടിക്കെട്ടടക്കമുള്ള കാര്യങ്ങള്‍ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ നടക്കുമെന്ന് ദേവസ്വം ഭാരവാഹികളും അറിയിച്ചു. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, തിരുവമ്പാടി, പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, മറ്റ് വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top