പൂയപ്പള്ളി ജങ്ഷനില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ഓയൂര്‍: പൂയപ്പള്ളി ജങ്ഷനില്‍ കഴിഞ്ഞ അഞ്ച് ദിവസമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം. കൊല്ലം-കുളത്തൂപ്പുഴ റോഡില്‍ പൂയപ്പള്ളി ജങ്ഷന്  കിഴക്ക് ഭാഗത്തായാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. ഇവിടെനിന്നും വെള്ളം ഒഴുകി ജങ്ഷനില്‍ക്കൂടി കൊട്ടാരക്കര-ഓയൂര്‍ റോഡില്‍ പരന്ന് ഒഴുകുകയാണ്. കഴിഞ്ഞ മഴയില്‍ ജങ്ഷനില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ്കൂടി കലര്‍ന്ന് ചളിവെള്ളമായാണ് റോഡിലൂടെ ഒഴുകുന്നത്. ചെളിക്കുണ്ടായി മാറിയ റോഡില്‍ക്കൂടി വാഹനങ്ങള്‍ വരുമ്പോഴും പോകുമ്പോഴും യാത്രക്കാരുടെ വസ്ത്രങ്ങളില്‍ ചളി തെറിക്കുന്നത് കാരണം പലരും യാത്ര മുടക്കേണ്ടുന്ന സ്ഥിതിയാണുള്ളത്.
കഴിഞ്ഞ അഞ്ച് ദിവസമായി പൈപ്പ് പൊട്ടി ജലം പാഴാകുന്നതായി നിരവധി തവണ ജലവകുപ്പിനെ അറിയിച്ചെങ്കിലും പൈപ്പിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ജങ്ഷനിലെ വ്യാപാരികള്‍ പറഞ്ഞു.  നേരത്തെ തന്നെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന സ്ഥലങ്ങള്‍ ശക്തമായ വെള്ളമൊഴുക്കില്‍ കൂടുതല്‍ കുഴിയായിക്കൊണ്ടിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഈ കുഴികളില്‍പ്പെട്ട് നിരവധി അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പൈപ്പ് പൊട്ടിയ സ്ഥലത്തുതന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തിലധികം തവണയാണ് പൈപ്പിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. നിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളതാണ് അടിക്കടി തകരാര്‍ സംഭവിക്കാന്‍ കാരണം. അറ്റകുറ്റപ്പണികള്‍ നടത്തി ജലനഷ്ടം പരിഹരിക്കുന്നതിന് ജലവകുപ്പ് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top