പൂപ്പൊലി: വരുമാനത്തില്‍ വര്‍ധന

കല്‍പ്പറ്റ: കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശനമേളയില്‍ എട്ടു ദിവസം കൊണ്ട് ഒരു ലക്ഷം സന്ദര്‍ശകരെത്തി. ടിക്കറ്റ് വില്‍പന ഇനത്തില്‍ വരുമാനത്തിലും വന്‍ വര്‍ധനയുണ്ടായതായി അധികൃതര്‍ പറഞ്ഞു. ഈ മാസം ഒന്നിനാണ് പൂപ്പൊലി ആരംഭിച്ചത്. ഇതിനു ശേഷം ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് ഞായറാഴ്ചയാണ്. മുപ്പതിനായിരത്തിലധികം പേരാണ് അന്ന് പുഷ്പമേളയ്‌ക്കെത്തിയത്. ശനിയാഴ്ച   പന്ത്രണ്ടായിരത്തിലധികം പേര്‍ പൂപ്പൊലി നഗരിയില്‍ ടിക്കറ്റെടുത്ത് പ്രവേശിച്ചു. ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തുന്ന അധ്യാപകര്‍ക്കും പ്രവേശനം സൗജന്യമാണ്. ടിക്കറ്റ് ഇനത്തില്‍ ഞായറാഴച വരെ 21,16,000ത്തിലധികം രൂപ ലഭിച്ചു. അയല്‍ ജില്ലകളിലും തമിഴ്‌നാട്,  കര്‍ണാടക സംസ്ഥാനങ്ങളിലും പൂപ്പൊലിക്ക് വന്‍ പ്രചാരം ലഭിച്ചതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണ് സാധ്യത. 18 വരെയാണ് അന്താരാഷ്ട്ര പുഷ്പമേള. പ്രദര്‍ശനം, വിപണനം, സെമിനാറുകള്‍ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. എല്ലാവര്‍ഷവും ജനുവരി ഒന്നുമുതല്‍ 18 വരെയായിരിക്കും അന്താരാഷ്ട്ര പുഷ്പമേള നടക്കുക. മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നു മാസങ്ങള്‍ക്കു മുമ്പുതന്നെ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.

RELATED STORIES

Share it
Top