പൂനെയ്ക്കും മുംബൈയ്ക്കും ജയംജംഷഡ്പൂര്‍: മഞ്ഞക്കാര്‍ഡുകള്‍ കളം വാണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പൂനെ എഫ് സി ജംഷഡ്പൂര്‍ എഫ് സിയെ പരാജയപ്പെടുത്തി.  ജയത്തോടെ സീസണില്‍ അപരാജിതക്കുതിപ്പോടെ മുന്നേറുന്ന ജംഷഡ്പൂരിനെ പരാജയപ്പെടുത്താനും പൂനെ സിറ്റിക്ക് കഴിഞ്ഞു. കോപ്പലാശാന്‍ 4-2-3-1 എന്ന ശൈലിയില്‍ ജംഷഡ്പൂരിനെ വിന്യസിച്ചപ്പോള്‍ അതേ ശൈലിയിലാണ് പൂനെയും കളത്തിലിറങ്ങിയത്. ജംഷഡ്പൂര്‍ നൈജീരിയന്‍ മുന്നേറ്റതാരം ഇസു അസുകുവിന് മെയിന്‍ സ്‌ട്രൈക്കര്‍ റോള്‍ നല്‍കിയപ്പോള്‍ ഉറുഗ്വേ മുന്നേറ്റക്കാരന്‍ എമിലിയാനോ അല്‍ഫാരോയെയാണ് മെയിന്‍ സ്‌ട്രൈക്കര്‍ റോളില്‍ പൂനെ നിര്‍ത്തിയത്. പന്തടക്കത്തിലും പൂനെ ഒരുപടി മുന്നിലായിരുന്നു. 53 ശതമാനം പന്ത് പൂനെ താരങ്ങളുടെ കാലില്‍ താളം കണ്ടപ്പോള്‍ 47 ശതമാനം സമയവും പന്ത് ജംഷഡ്പൂരിന്റെ കാലിലുമെത്തി. ജംഷഡ്പൂര്‍ അഞ്ച് ഷോട്ടുകള്‍ ഗോള്‍ പോസ്റ്റിനുള്ളിലേക്ക് ലക്ഷ്യത്തിലെത്തിച്ചെങ്കിലും അഞ്ചും തട്ടിയകറ്റിയ പൂനെയുടെ ഇന്ത്യന്‍  ഗോള്‍ കീപ്പര്‍ വിശാല്‍ കയ്ത്തിന്റെ പ്രകടനവും പൂനെയുടെ വിജയത്തിന് നിര്‍ണായകമായി. മല്‍സരത്തിന്റെ 81ാം മിനിറ്റില്‍ പൂനെ ഡിഫന്‍ഡര്‍ ലാല്‍ചുവാന്‍മാവിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയെങ്കിലും 10 പേരായി ചുരുങ്ങിയ പൂനെ താരങ്ങളുടെ കുറവ് മുതലാക്കാന്‍ ജംഷഡ്പൂരിന് കഴിഞ്ഞില്ല. ആദ്യ പകുതിയിലെ 26ാം മിനിറ്റില്‍ ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ ആദില്‍ ഖാന്‍ പൂനെ സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ സമ്മാനിച്ചു. പിന്നീട് ഇരു ടീമിനും എതിര്‍ വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ജംഷഡ്പൂര്‍ താരങ്ങള്‍ രണ്ടും പൂനെ താരങ്ങള്‍ നാലും മഞ്ഞക്കാര്‍ഡ് കണ്ടത് മല്‍സരത്തിന്റെ ആക്രമണത്തിലെയും പ്രതിരോധത്തിലെയും പ്രകടനത്തെ സാരമായി ബാധിച്ചു. ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് മൂന്നു ജയവും രണ്ട് തോല്‍വിയുമായി ഒമ്പത് പോയിന്റോടെ പൂനെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം, ഇത്രയും മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റുമായി ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനം നില നിര്‍ത്തി.

പെനല്‍റ്റിയില്‍ നേടി മുംബൈ
മുംബൈ:സ്വന്തം തട്ടകത്തില്‍ വച്ച് നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റി ചെന്നൈയിനെ 1-0ന് പരാജയപ്പെടുത്തി. ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം 60ാം മിനിറ്റില്‍ അകിലെ എമാനയാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്. ഈ കളിയിലും മഞ്ഞക്കാര്‍ഡുകള്‍ നിറഞ്ഞു നിന്നു. മുംബൈ നാല് മഞ്ഞക്കാര്‍ഡുകള്‍ കണ്ടപ്പോള്‍ ചെന്നൈ രണ്ടും വാരിക്കൂട്ടി.

RELATED STORIES

Share it
Top