പൂനെയും ബംഗളൂരുവും ഇന്ന് നേര്‍ക്കുനേര്‍; ഐഎസ്എല്‍ ചരിത്രം ബംഗളൂരുവിനെതിര്പൂനെ: ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കരുത്തരായ ബംഗളൂരുവും പൂനെയും ഏറ്റുമുട്ടും. ആദ്യമായി കളിക്കുന്ന ഐഎസ്എല്ലില്‍ത്തന്നെ കപ്പുയര്‍ത്താനുറച്ചാവും ബംഗളൂരു ഇന്ന് ബൂട്ടണിയുക. സുനില്‍ ഛേത്രിയെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ബംഗളൂരുവിന് കിരീട സാധ്യതയും ഏറെയാണ്. എന്നാല്‍ ഐഎസ്എല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമിനുപോലും കപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല.
2014 ല്‍ ചെന്നൈയിന്‍ എഫ്‌സിയായിരുന്നു പോയിന്റ് ടേബിളില്‍ മുന്നിട്ട് നിന്നത്. എന്നാല്‍ അത്തവണ കപ്പ് നേടിയത് കൊല്‍ക്കത്തയും, 2015 ല്‍ എഫ്‌സി ഗോവ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയെങ്കിലും കിരീടം ചെന്നൈയിന്‍ എഫ്‌സിയിലേക്കാണ് പോയത്. 2016 ലും കൊല്‍ക്കത്ത തന്നെയായിരുന്നു ചാംപ്യന്മാര്‍, പക്ഷേ അന്ന് പോയിന്റ് പട്ടികയില്‍ മുന്നില്‍ നിന്നത് മുംബൈ സിറ്റി എഫ്‌സിയും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമുകള്‍രണ്ട് തവണ ഐ എസ് എല്‍ ചാംപ്യന്മാരായപ്പോള്‍, നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീം ഒരുതവണയും കിരീടം ചൂടി. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ നാലു മല്‍സരവും ജയിച്ച ബംഗളൂരു തികഞ്ഞ ആത്മവിശ്വാസത്തിലാണ് പൂനെയ്‌ക്കെതിരേ  ഇറങ്ങുന്നത്. ഒരു €മല്‍സരം സമനിലയിലും പിരിഞ്ഞു. മിക്കു , ടോണി, ബോയ്താങ് ഹയോകിപ്, ലെനി റോഡ്രിഗസ് തുടങ്ങിയ കരുത്തുറ്റ താരങ്ങള്‍ക്കൊപ്പം സുനില്‍ ഛേത്രി കൂടി ചേരുമ്പോള്‍ ഏതു വമ്പന്‍മാരെയും വീഴ്ത്താന്‍ പോന്ന കളിക്കരുത്ത് ബംഗളൂരുവിനുണ്ടാവും.അതേ സമയം സ്വന്തം തട്ടകത്തില്‍ വിജയം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പൂനെയുടെ പടപ്പുറപ്പാട്. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ രണ്ട് മല്‍സരത്തില്‍ മാത്രമാണ് പൂനെയ്ക്ക് വിജയം സ്വന്തമാക്കാനായത്. രണ്ട് മല്‍സരം സമനിലയിലും ഒരു മല്‍സരം തോല്‍വിയിലുമാണ് കലാശിച്ചത്.അല്‍ഫാരോ, മാഴ്‌സലോ എന്നിവരുടെ കളിമികവാണ് പൂനെയുടെ വജ്രായുധം. ആഷിഖ് ക്രുണിനായന്‍, മാര്‍ക്കോ സ്റ്റാന്‍കോവിക്ക് തുടങ്ങിയ താരങ്ങളും പൂനെയ്ക്ക് പ്രതീക്ഷ നല്‍കുന്നു. പട്ടികയിലെ നാലാം സ്ഥാനക്കാരായാണ് പൂനെ പ്ലേ ഓഫിന് യോഗ്യത നേടിയത്.

ഈ സീസണില്‍ ഇതുവരെ
ഐഎസ്എല്‍ നാലാം സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 90 മല്‍സരങ്ങളില്‍ നിന്ന് പിറന്നത് 247 ഗോളുകള്‍. 158 അസിസ്റ്റുകള്‍ പിറന്ന ലീഗില്‍ 1862 ഷോട്ടുകളാണ് കണ്ടത്. 27 പെനല്‍റ്റി ഗോളുകള്‍ക്കും ആറ് പെനല്‍റ്റി സേവുകള്‍ക്കും ഇത്തവണ ഐഎസ്എല്‍ ഗ്രൂപ്പ് ഘട്ടം സാക്ഷ്യം വഹിച്ചു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം ഗോവയാണ്. 42 ഗോളുകളാണ് ഗോവ എതിര്‍ ഗോള്‍പോസ്റ്റില്‍ നിക്ഷേപിച്ചത്. ഗോള്‍ കീപ്പര്‍മാരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ 497 സേവുകളും 48 ക്ലീന്‍ ഷീറ്റുകളുമാണ് ഐഎസ്എല്ലില്‍ പിറന്നത്. ഏഴ് വീതം ക്ലീന്‍ ഷീറ്റുകള്‍ നേടിയ ബംഗളുരുവും ചെന്നൈയിനും ജംഷഡ്പൂരുമാണ് ഇക്കാര്യത്തില്‍ മുന്നിലുള്ള ടീമുകള്‍.ഗോള്‍വേട്ടയില്‍ ഗോവയുടെ കോറോയാണ് മുന്നിലുള്ളത്. ഇതുവരെ 18 ഗോളുകളാണ് ഈ സ്പാനിഷ് താരം നേടിയത്. 14 ഗോളുകളുമായി ബംഗളുവിന്റെ വെനസ്വേലന്‍ താരം മിക്കുവും 13 ഗോളുകളുമായി ഡല്‍ഹിയുടെ നൈജീരിയന്‍ താരം കാലു ഉച്ചെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

RELATED STORIES

Share it
Top