പൂനെയില്‍ കണക്ക് തീര്‍ത്ത് ഇന്ത്യ


ഇന്ത്യന്‍ ജയം ആറ് വിക്കറ്റിന്
ശിഖാര്‍ ധവാനും ദിനേഷ് കാര്‍ത്തിക്കിനും അര്‍ധ സെഞ്ച്വറി
ഭുവനേശ്വര്‍ കുമാര്‍ കളിയിലെ താരം

പൂനെ: ആദ്യ മല്‍സരത്തിലെ അപ്രതീക്ഷിത തോല്‍വിയുടെ കണക്ക് പൂനെയില്‍ ജയത്തോടെ ഇന്ത്യ വീട്ടി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് കോഹ്‌ലിപ്പട വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 46 ഓവറില്‍ നാല് വിക്കറ്റിന് 232 റണ്‍സ് നേടി വിജയം പിടിച്ചെടുത്തു. ഭുവനേശ്വര്‍ കുമാറിന്റെ സ്വിങ് മാജിക്കിനൊപ്പം അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (68) ദിനേഷ് കാര്‍ത്തിക്കിന്റെയും (64*) ബാറ്റിങ്  പ്രകടനവുമാണ് ഇന്ത്യയ്ക്ക് അനിവാര്യ ജയം സമ്മാനിച്ചത്.
റണ്‍സൊഴുകുന്ന പൂനെ മൈതാനത്ത് ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ആദ്യ മല്‍സരത്തിലെ തിരിച്ചടികള്‍ മറന്ന് ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ മുന്‍നിര താരങ്ങളെല്ലാം വന്നതുപോലെ മടങ്ങി. കിവീസിന്റെ വെടിക്കെട്ട് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (11) വിക്കറ്റ് തെറിപ്പിച്ച് ഭുവനേസ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. അതികം വൈകാതെ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ (3) ജസ്പ്രീത് ബൂംറ എല്‍ബിയിലും കുരുക്കി. രണ്ട് റണ്‍സ് ഇടവേളയില്‍ കോളിന്‍ മുന്റോയെ (10) ഭുവനേശ്വര്‍ മടക്കുമ്പോള്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡ് ഏഴ് ഓവറില്‍ മൂന്ന് വിക്കറ്റിന് 27 റണ്‍സെന്ന നിലയിലായിരുന്നു. വന്‍ തകര്‍ച്ചയെ മുന്നില്‍കണ്ട കിവീസിനെ ആദ്യ ഏകദിനത്തിലെ സെഞ്ച്വറി വീരന്‍മാരായ റോസ് ടെയ്‌ലറും (21) ടോം ലാദവും ചേര്‍ന്ന് (38) നേരിയ ആശ്വാസം നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇരുവരേയും മടക്കി ഇന്ത്യ പിടിമുറുക്കി. മധ്യനിരയില്‍ ഹെന്റി നിക്കോളാസ് (42), കോളിന്‍ ഡി ഗ്രാന്റ്‌ഹോം (41) എന്നിവര്‍ നടത്തിയ പ്രകടനമാണ് ന്യൂസിലന്‍ഡിനെ 230 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറില്‍ മിച്ചല്‍ സാന്ററും (29) ടിം സൗത്തിയും (25) നടത്തിയ ചെറുത്ത് നില്‍പ്പും കിവീസിന്റെ സ്‌കോര്‍ബോര്‍ഡിന് കരുത്തായി. ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിപ്പോള്‍ ജസ്പ്രത് ബൂംറയും യുസ്‌വേന്ദ്ര ചാഹലും രണ്ട് വിക്കറ്റുകളും പങ്കിട്ടു. കുല്‍ദീപ് യാദവിന് പകരം അവസരം ലഭിച്ച അക്‌സര്‍ പട്ടേലും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
മറുപടിക്കിരങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തന്നെ രോഹിത് ശര്‍മയെ (7) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാനും കോഹ്‌ലിയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് ജീവന്‍വെച്ചു. സ്‌കോര്‍ബോര്‍ഡ് 79 റണ്‍സില്‍ നില്‍ക്കെ കോഹ്‌ലി (29) മടങ്ങിയെങ്കിലും ധവാനും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തോടടുപ്പിച്ചു. 84 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സറും സഹിതം അര്‍ധ സെഞ്ച്വറിയോടെ ധവാന്‍ മടങ്ങുമ്പോള്‍ ഇന്ത്യ 29.2 ഓവറില്‍ മൂന്നിന് 145 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. ബാറ്റിങ് പ്രമോഷനോടെ എത്തിയ ഹര്‍ദിക് പാണ്ഡ്യ (30) ആഞ്ഞടിച്ച് കളിച്ചപ്പോള്‍ അനായാസം ഇന്ത്യ വിജയത്തിലേക്കടുത്തു.സാന്ററിന് വിക്കറ്റ് സമ്മാനിച്ച് പാണ്ഡ്യ മടങ്ങിയെങ്കിലും ധോണിയെ (18) കൂട്ടുപിടിച്ച് കാര്‍ത്തിക്ക് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി, ആദം മില്‍നി, മിച്ചല്‍ സാന്റര്‍, കോളിന്‍ ഡി ഗ്രാന്റ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.
ഇന്ത്യയുടെ ജയത്തോടെ മൂന്ന് മല്‍സര പരമ്പരയില്‍ ഇരു ടീമുകളും 1-1 സമനിലയിലേക്കെത്തി. മൂന്ന് വിക്കറ്റുകളുമായി കിവീസ് ബാറ്റ്‌സ്മാന്‍മാരുടെ എല്ലൊടിച്ച ഭുവനേശ്വര്‍ കുമാറാണ് കളിയിലെ താരം.

RELATED STORIES

Share it
Top