പൂനയെ സമനിലയില്‍ പൂട്ടി ഡല്‍ഹിക്ക് മടക്കംന്യൂഡല്‍ഹി: ഐഎസ്എല്‍ നാലാം സീസണിലെ അവസാന മല്‍സരത്തില്‍ പുണെയെ സമനിലയില്‍ പൂട്ടി ഡല്‍ഹി ഡൈനാമോസിന് മടക്കം. മൂന്ന് പെനല്‍റ്റി പിറന്ന മല്‍സരത്തില്‍ ഇരു കൂട്ടരും 2-2 സമനില പങ്കിട്ട് ബൂട്ടഴിക്കുകയായിരുന്നു.
ഡല്‍ഹിയുടെ സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍  ആദ്യ ലീഡെടുത്തതും ഡല്‍ഹിയാണ്. 10ാം മിനിറ്റില്‍ ഡല്‍ഹിയുടെ സൂപ്പര്‍ താരം കലു ഊച്ചയാണ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. വീണുകിട്ടിയ പെനല്‍റ്റിയെ ഊച്ച ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മൂന്ന് മിനിറ്റിനുള്ളില്‍ പെനല്‍റ്റി ഭാഗ്യം പൂനെയ്ക്കും ലഭിച്ചു. കിക്കെടുത്ത എമിലിയാനോ അല്‍ഫാരോ ഡല്‍ഹിയുടെ വലതുളച്ചപ്പോള്‍ മല്‍സരം 1-1 സമനിലയില്‍.
34ാം മിനിറ്റില്‍ ഇരട്ട ഗോള്‍ കുറിച്ച കലു ഊച്ച ഡല്‍ഹിക്ക് വീണ്ടും ലീഡ് നല്‍കി. ആദ്യ പകുതിയില്‍ 2-1ന്റെ ലീഡും അക്കൗണ്ടിലാക്കിയാണ് ഡല്‍ഹി കളം പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത ഡല്‍ഹി അവസാന നിമിഷം വരെ പൂനെയെ ഗോള്‍ അടിപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയെങ്കിലും 86ാം മിനിറ്റില്‍ പെനല്‍റ്റി പൂനെയുടെ രക്ഷക്കെത്തി. രണ്ടാം പെനല്‍റ്റിയും വലയിലെത്തിച്ച അല്‍ഫാരോ മല്‍സരം 2-2 സമനിലയിലേക്കെത്തിച്ചു. പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ സമനില പങ്കിട്ട് ഡല്‍ഹി ഐഎസ്എല്‍ നാലാം സീസണിനോട് യാത്രപറഞ്ഞു.
സമനിലയോടെ 18 മല്‍സരങ്ങളില്‍ 30 പോയിന്റുമായി പുെന പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരും.  ഡല്‍ഹി 19 പോയിന്റോടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

RELATED STORIES

Share it
Top