പൂട്ടിയ കേന്ദ്രത്തില്‍ അനധികൃത അറവ് നടക്കുന്നതായി പരാതി

വടകര: നഗരസഭയിലെ അറവുകേന്ദ്രം പൂട്ടിയിട്ടിട്ട് മാസങ്ങള്‍ പിന്നിടുന്നു. ഇതോടെ അനധികൃത അറവുകള്‍ വ്യാപകമായി നടക്കുന്നതായി പരാതി. നഗരസഭയുടെ ഏക അറവു കേന്ദ്രമായ താഴെഅങ്ങാടി ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള കേന്ദ്രമാണ് കഴിഞ്ഞ ജനുവരി മാസം മുതല്‍ പൂട്ടിയിട്ടിരിക്കുന്നത്. ഈ കേന്ദ്രത്തില്‍ നിന്നും മാലിന്യമടക്കമുള്ള വെള്ളം പുറത്തേക്ക് ഒഴുകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അടച്ചു പൂട്ടി പുനപ്രവൃത്തി ചെയ്യാന്‍ തീരുമാനിച്ചത്. പരാതി ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ സെക്രട്ടറി കേന്ദ്രം പരിശോധിക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കി 5 ലക്ഷം രൂപ പുനര്‍ പ്രവൃത്തിക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍ പരാതി നല്‍കിയ നാട്ടുകാര്‍ തന്നെ പിന്നീട് അറവുകേന്ദ്ര പുനപ്രവൃത്തിക്കെതിരേ നീങ്ങിയപ്പോഴാണ് പ്രവൃത്തികള്‍ മുടങ്ങുകയും അറവു കേന്ദ്രം തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലുമായത്. പുന പ്രവൃത്തി ആരംഭിച്ച സമയത്ത് ഇവിടെയുള്ള മാലിന്യം മറ്റൊരു കുഴിയെടുത്ത് മാറ്റുന്ന സമയത്താണ് വടകര ജെടി റോഡില്‍ നഗരസഭയുടെ സ്ഥലത്ത് തന്നെ ആരംഭിക്കാന്‍ ഉദ്ദേശിച്ച എംആര്‍എഫ് കേന്ദ്രത്തിനെതിരേ സമരത്തിലേര്‍പ്പെട്ട നാട്ടുകാര്‍ അറവു കേന്ദ്രത്തിന്റെ നിര്‍മാണവും തടഞ്ഞത്. ഇതോടെ നിര്‍മാണം നിലക്കുകയും അറവുകള്‍ പല കേന്ദ്രങ്ങളില്‍ നിന്നായി നടക്കുകയുമാണ്. മുന്‍ വര്‍ഷങ്ങളിലും പ്രസ്തുത പ്രശ്‌നം നിലനിന്നിരുന്നു ബയോഗ്യാസ് പ്ലാന്റ്, കെട്ടിട പുനര്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് കേന്ദ്രത്തില്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി യുഎല്‍സിസിക്ക് കരാര്‍ നല്‍കുകയും ചെയ്തിരുന്നു. നിര്‍മാണം നടത്തുന്നതിനായി 20 ദിവസത്തോളം അറവു കേന്ദ്രം പൂട്ടാനും തീരുമാനിച്ച് പ്രവൃത്തി ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. അറവു കേന്ദ്രം പൂട്ടിയ സാഹചര്യത്തില്‍ നഗരത്തില്‍ വില്‍പന നടത്തുന്ന ഇറച്ചികള്‍ക്കായുള്ള മാടുകളെ അറക്കുന്നത് പലയിടങ്ങളില്‍ നിന്നായി മാറ്റിയിരിക്കുകയാണ്. കൃത്യമായി വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷമാണ് അറവ് നടത്തേണ്ടതെന്നാണ് നിയമം. എന്നാല്‍ വടകരയില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ കാറ്റില്‍ പറക്കുകയാണ്. മാത്രമല്ല പുതുതായി ബീഫ് സ്റ്റാളുകള്‍ ആരംഭിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കാനും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അനധികൃത അറവുകള്‍ നിയന്ത്രണാതീതമാണെന്നും അത്തരം അറവുകള്‍ വടകരയില്‍ ഇനി ഉണ്ടാവില്ലെന്നുമുള്ള നഗരസഭയുടെ ഉറപ്പാണ് ഇതോടെ ഇല്ലാതായത്. അനധികൃത അറവുകള്‍ സജീവമായി നടക്കുന്നതിനു പുറമെ വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനകള്‍ വടകരയില്‍ ഇല്ല എന്നതാണ് വാസ്തവം. വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മാടുകളെ വടകരയിലെത്തിച്ച് വിവിധ കച്ചവടക്കാര്‍ക്ക് കൈമാറുകയാണ് പതിവ്. സാധാരണ പുലര്‍ച്ചെയോടെയാണ് അറവുകള്‍ നടക്കേണ്ടതെങ്കിലും അര്‍ധരാത്രിയോടെയാണ് ഇവിടങ്ങളില്‍ മിക്കവാറും അറവുകള്‍ നടക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വില്‍പനക്കാര്‍ മൊത്തം സമയക്രമീകരണം നടത്തി ഒരു കേന്ദ്രത്തില്‍ നിന്ന് മാത്രം അറവു നടത്തിയാല്‍ മാത്രമേ വ്യക്തമായ പരിശോധന നടത്താന്‍ സാധിക്കൂ എന്ന് ഹെല്‍ത്ത് വിഭാഗം ചൂണ്ടിക്കാട്ടുന്നുവെങ്കിലും അത്തരമൊരു രീതിയില്‍ അറവ് നടത്താന്‍ അധികൃതരും, കച്ചവടക്കാരും ശ്രിമിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ശങ്കരക്കുറുപ്പ് ചെയര്‍മാനായിരിക്കുന്ന കാലത്ത് പാക്കയില്‍ ഭാഗത്ത് കണ്ടെത്തിയ സ്ഥലത്ത് തന്നെ അറവു കേന്ദ്രം സ്ഥാപിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. താഴെഅങ്ങാടിയില്‍ നിലവിലുള്ള മല്‍സ്യ മാര്‍ക്കറ്റിന് സമീപമുള്ള സ്ഥലം ഇതിനായി അക്വയര്‍ ചെയ്യണമെന്നാണ് ഭരണപക്ഷം ആവശ്യപ്പെടുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ അറവു കേന്ദ്രം എത്രയും പെട്ടെന്ന് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി തുറക്കണമെന്നാണ് നാട്ടുകാരും കച്ചവടക്കാരും പറയുന്നത്.

RELATED STORIES

Share it
Top