പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പ്രശ്‌നങ്ങള്‍ പുകയുന്നു

പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണം മുസ്‌ലിംലീഗിലെ പടലപ്പിണക്കത്തില്‍ ഉലയുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കമുള്ള 13ഓളം അംഗങ്ങളും തമ്മിലാണ് അസ്വസ്ഥതയുള്ളത്. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗത്തില്‍ നിന്നു പ്രസിഡന്റ് ഇറങ്ങിപ്പോയതാണ് അവസാനമുണ്ടായ പ്രശ്‌നം. പ്രസിഡന്റിനെ ഫോണ്‍ വഴി കിട്ടുന്നില്ലെന്നാണ് അംഗങ്ങളുടെ പരാതി. ഈ പരാതി ഇന്നലെ വീണ്ടും ഉന്നയിച്ചതോടെയാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്. പ്രസിഡന്റും അംഗങ്ങളും തമ്മില്‍ അസ്വാരസ്യം തുടര്‍ക്കഥയായിട്ടുണ്ട്. ഇതിനിടെ പ്രസിഡന്റിനൊപ്പം തുടര്‍ന്നുപോവാന്‍ പ്രയാസമുണ്ടെന്ന് നേതൃത്വത്തിന് 13 ഓളം അംഗങ്ങള്‍ രേഖാമൂലം എഴുത്ത് നല്‍കിയിട്ടുണ്ട്. അതേസമയം, നിലവിലെ വൈസ് പ്രസിഡന്റടക്കമുള്ള ചില പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം അറിയാതെ മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പുറത്താക്കിയെന്നാരോപിച്ച് കഴിഞ്ഞ മാസം മുസ്്‌ലിംലീഗ് യോഗത്തില്‍ അസഭ്യവര്‍ഷവും കൈയാങ്കളിയും നടന്നിരുന്നു. സംഭവം വിവാദമായതോടെ പ്രശ്‌നം നേതൃത്വം തന്നെ പരിഹരിച്ചിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ പ്രസിഡന്റാണെന്നാണ് ചിലരുടെ ആരോപണം. അടുത്ത തവണ പുരുഷ പ്രസിഡന്റ് സ്ഥാനം ലക്ഷ്യംവച്ച് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. കൊണ്ടോട്ടി എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഒരു ലീഗ് അംഗം പറയുന്നത്. ഭരണസമിതിയില്‍ 15 സീറ്റുള്ള മുസ്‌ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമാണുള്ളത്. കോണ്‍ഗ്രസിന് സീറ്റില്ല. മൂന്ന് ഇടത് സ്വതന്ത്രരും ജനതാദളിന് ഒരു സീറ്റുമാണുള്ളത്. അതേസമയം, ബോര്‍ഡ് മീറ്റിങ്ങിനിടെ ഇറങ്ങിപ്പോയെന്ന ആരോപണം ശരിയല്ലെന്ന് പൂക്കോട്ടൂര്‍ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ പറഞ്ഞു. യോഗം പൂര്‍ണമായും കഴിഞ്ഞ ശേഷം അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് പോയതെന്നും പ്രസിഡന്റ് പറഞ്ഞു.

RELATED STORIES

Share it
Top