'പുസ്തക ദക്ഷിണ' രണ്ടാം വര്‍ഷത്തിലേക്ക്

മീനങ്ങാടി: മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  വിദ്യാര്‍ഥികള്‍ക്ക് മികച്ച വായനാനുഭവം നല്‍കുന്നതിനായി സ്‌കൂളിലെ വായനാ ക്ലബ് ആവിഷ്‌കരിച്ച ‘പുസ്തക ദക്ഷിണ’പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ വായനാ ക്ലബ് പുസ്തക ദക്ഷിണ പദ്ധതി തുടങ്ങിയത്. 1982 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. പദ്ധതിയിലേക്ക് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും പൊതു പ്രവര്‍ത്തകരും ഇതിനോടകം ആയിരക്കണക്കിന് പുസ്തകങ്ങള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം പദ്ധതി കൂടുതല്‍ വിപുലീകരിക്കാനാണ് സ്‌കൂള്‍ അധികൃതരുടെ ശ്രമം. ഇതിന്റെ ഭാഗമായി ഓരോ ക്ലാസിലും പ്രത്യേകം അലമാരകള്‍ സ്ഥാപിച്ച് പുസ്തകങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അധ്യാപകരെയോ ഇതര ലൈബ്രറികളെയോ ആശ്രയിക്കാതെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ തന്നെ മികച്ച പുസ്തകങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി സ്വയം ലൈബ്രേറിയന്മാരായി പ്രവര്‍ത്തിച്ച് ഇഷ്ടാനുസരണം പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു. മലയാള ഭാഷയുടെ വികാസത്തിന് വലിയ പങ്കു വഹിച്ച പ്രാചീന, ആധുനിക സാഹിത്യ നായകന്മാരുടെ പേരുകളാണ് ഓരോ ക്ലാസ് ലൈബ്രറിക്കും നല്‍കിയിട്ടുള്ളത്. വായനയെ പ്രോല്‍സാഹിപ്പിക്കുന്ന മീനങ്ങാടിയിലെ വ്യക്തികളും സ്ഥാപനങ്ങളുമാണ് ക്ലാസ് ലൈബ്രറി സജ്ജീകരിക്കുന്നതിനുള്ള അലമാരകളും പുസ്തകങ്ങളും നല്‍കിയത്. വായനാദിനത്തി ല്‍ സ്‌പോണ്‍സര്‍മാര്‍ പ്രസ്തുത അലമാരകളും പുസ്തകങ്ങളും ഔദ്യോഗികമായി സ്‌കൂളിന് കൈമാറും.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ അന്താരാഷ്ട്ര വിദ്യാലയമായി ഉയര്‍ത്താന്‍ തിരഞ്ഞെടുത്തത് മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയാണ്. ഇതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പുതുതായി ഉണ്ടാക്കുന്ന ക്ലാസ് മുറികളിലും പുസ്തക ദക്ഷിണ പദ്ധതിയിലൂടെ ലൈബ്രറി പുസ്തകങ്ങള്‍ സമാഹരിക്കാനാണ് വായനാ ക്ലബ്ബിന്റെ തീരുമാനം.
പൊതുസമൂഹത്തില്‍ നഷ്ടപ്പെട്ടു പോവുന്ന വായനാ സംസ്‌കാരം തിരിച്ചു പിടിക്കാന്‍ സ്‌കൂളിലെ വായനാ ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതു പോലെ വിദ്യാര്‍ഥികള്‍ക്ക് പൊതു വിജ്ഞാന ക്ലാസ് ഇത്തവണയും നടത്താനാണ് വായനാ ക്ലബ്ബിന്റെ തീരുമാനം. മല്‍സര പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനായി പിഎസ്‌സി മാതൃകയില്‍ പരീക്ഷകള്‍ നടത്താനും വായനാ ക്ലബ് ലക്ഷ്യമിടുന്നുണ്ട്.
സ്‌കൂളില്‍ 19ന് വായനാദിനം വിവിധ പരിപാടികളോടെ ആചരിക്കും. ഇതിന്റെ ഭാഗമായി വായന സന്ദേശം നല്‍കല്‍, ക്വിസ് മല്‍സരങ്ങള്‍, കോളാഷ് പതിപ്പ് നിര്‍മാണം തുടങ്ങിയവ നടത്തും.

RELATED STORIES

Share it
Top