പുസ്തകോല്‍സവത്തിന് തിരശ്ശീല വീണു

കൊച്ചി: 'കൃതി' രാജ്യാന്തര പുസ്തകോല്‍സവത്തിന് കൊച്ചിയില്‍ തിരശ്ശീല വീണു. പ്രതീക്ഷിച്ചതിനേക്കാള്‍ ഇതു വന്‍ വിജയമായെന്നും 'കൃതി'യെ നെഞ്ചേറ്റിയ കേരളമെമ്പാടുമുള്ള അക്ഷരപ്രേമികള്‍ക്കു നന്ദി പറയുന്നതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി മറൈന്‍ ഡ്രൈവില്‍ സമാപിച്ച പുസ്തകോല്‍സവം നിലവാരത്തിലും പ്രസാധക സാന്നിധ്യത്തിലും മികച്ചതായി. 160ഓളം സ്റ്റാളുകളിലായി 17 കോടി രൂപയിലേറെ പുസ്തക വില്‍പന നടന്നതായി മന്ത്രി പറഞ്ഞു. ചെറുകിട, ഇടത്തരം പ്രസാധകര്‍ക്കും മികച്ച വില്‍പനയുണ്ടായി. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വന്ന ഈ കുതിപ്പു കേരളത്തിലെ പ്രസാധക മേഖലയ്ക്ക് കരുത്തുനല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ 250 രൂപ വീതമുള്ള കൂപ്പണുകളിലൂടെ 70 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ചതായും മന്ത്രി പറഞ്ഞു.
അതിന്റെ ഭാഗമായി ബോള്‍ഗാട്ടിയില്‍ നാലു ദിവസത്തെ സാഹിത്യ വിജ്ഞാനോല്‍സവം സംഘടിപ്പിച്ചതും ഏറെ ശ്രദ്ധേയമായി. വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ പങ്കെടുത്ത സെഷനുകള്‍ സാഹിത്യവിജ്ഞാനോല്‍സവത്തെ മികച്ചതാക്കി. വരുംനാളുകളില്‍ കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന് വഴിതുറക്കാന്‍ സാധ്യമായ ഉള്‍ക്കാഴ്ചക്കളും സ്ഥിതിവിവരക്കണക്കുകളും ഉള്‍പ്പെട്ട ഈ സെഷനുകളുടെ വീഡിയോകള്‍ മുഴുവനും കൃതിയുടെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വരുന്ന ദിവസങ്ങളിലൊന്നില്‍ അടുത്ത 'കൃതി'യുടെ തിയ്യതി പ്രഖ്യാപിക്കാമെന്നാണു കുരുതുന്നതെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top