പുഴ പ്രവര്‍ത്തകര്‍ മാലിന്യ സംസ്‌കരണത്തിലേക്ക്

ചെര്‍പ്പുളശ്ശേരി: തൂതപ്പുഴയുടെ സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭപുഴ’ കൊരമ്പത്തോട് ശുചീകരണത്തിനും തരിശുഭൂമിയിലെ  ജൈവകൃഷിക്കും ശേഷം മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തിലേക്ക്. ചെര്‍പ്പുളശ്ശേരി  നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ നിള കുടുംബശ്രീ പ്രവര്‍ത്തകരുമായി സഹകരിച്ചാണ് മാതൃക മാലിന്യസംസ്‌കരണ യൂണിറ്റിന് തുടക്കം കുറിച്ചത്.
യൂനിറ്റിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ശ്രീലജ വാഴകുന്നത്ത്  ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണത്തിന് ചെറിയ യൂണിറ്റുകള്‍ ഉണ്ടാവുന്നത് ആശാവഹമാണെന്ന് ശ്രീലജ പറഞ്ഞു. മാതൃകാപരമായ ഇത്തരം യൂണിറ്റുകള്‍ കുടുംബശ്രീയുടെ നേതൃത്വത്തി ല്‍ നഗരസഭയില്‍ വ്യാപിപ്പിക്കുന്നതിനു എല്ലാ പ്രോത്സാഹനവും നല്‍കും. പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തിന്  നഗരസഭയില്‍  പ്രവര്‍ത്തിക്കുന്ന ഷ്രഡിങ് യൂണിറ്റ് ഫലപ്രദമാണ്. അതോടൊപ്പം ജൈവ മാലിന്യസംസ്‌കരണവും ഫലപ്രദമായാല്‍ മാത്രമേ നഗരസഭ പൂര്‍ണമായും മാലിന്യ മുക്തമാവൂ എന്നും അവര്‍ പറഞ്ഞു.
30വീടുകളിലെയും ഏതാനും വ്യാപാരസ്ഥാപനങ്ങളിലെയും  മാലിന്യ മാത്രം  സംസ്‌കരിക്കാന്‍ കഴിയുന്നതാണ് പുതിയ യൂണിറ്റ്. മുണ്ടൂര്‍ ഐആര്‍ടിസിയുടെ സാങ്കേതിക സഹായത്തോടെയാണ് യൂനിറ്റ് ആരംഭിച്ചത്. മാലിന്യത്തില്‍ നിന്ന് കിട്ടുന്ന കമ്പോസ്റ്റ് നല്ല വിലക്ക് വിപണിയില്‍ വില്‍ക്കാന്‍ കഴിയും. കൂടുതല്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും ചേര്‍ന്ന് കുടുംബശ്രീയുടെ സഹായത്തോടെ കൂടുതല്‍ യൂണിറ്റുകള്‍ ഉണ്ടാക്കി മാലിന്യ പ്രശനം പരിഹരിക്കുകയാണ് ലക്ഷ്യം. ജലസ്രോതസ്സുകളിലേക്ക് വരുന്ന മാലിന്യം  പൂര്‍ണമായും തടയാന്‍  കഴിഞ്ഞാല്‍ മാത്രമേ തൂതപ്പുഴയില്‍ തെളിനീരൊഴുക്കാന്‍ സാധിക്കൂ  എന്നതാണ് പുഴ പ്രവര്‍ത്തകരുടെ കാഴ്ചപ്പാട്.
പുഴയുടെ നീര്‍ത്തടങ്ങളില്‍ കൃഷി പുനരുജ്ജീവിപ്പിച്ചും മാലിന്യമുക്തമാക്കിയും നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പുഴയുടെ വീണ്ടെടുപ്പ് സാധ്യമാകൂ എന്ന്  പുഴ പ്രവര്‍ത്തകയായ നിഭ നമ്പൂതിരി പറഞ്ഞു. ചെറുനീര്‍ത്തടമായാ കൊരമ്പ പരിസരത്താണ് പുഴ പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നഗരസഭാ കൗണ്‍സിലര്‍മാരായ ഷമീറ, നൂര്‍ജഹാന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിജയലക്ഷ്മി, നിള കുടുംബശ്രീ പ്രവര്‍ത്തകരായ ആസ്യ, സമീറ, സക്കീന, വത്സല, ഷമീറ പങ്കെടുത്തു.

RELATED STORIES

Share it
Top