പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം :ജില്ലാ വികസന സമിതികോഴിക്കോട്:  ജില്ലയിലെ പുഴകളിലെ കൈയേറ്റങ്ങള്‍ സര്‍വേ നടത്തി കണ്ടെത്തി ഒഴിപ്പിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കൈയേറ്റങ്ങളും മലിനീകരണവും മൂലം പുഴകള്‍ മരിക്കുമെന്ന സ്ഥിതിയിലാണ്. പുഴകളെ കുറിച്ച് വിശദമായ പഠനം നടത്തി സംരക്ഷണത്തിന് പദ്ധതികള്‍ തയാറാക്കണം. മഴക്കാലത്ത് റോഡുകള്‍ തകര്‍ച്ച നേരിടുന്നതിനാല്‍ അറ്റകുറ്റപണി നടത്തണമെന്നും സ്‌കൂളുകള്‍ക്ക് സമീപത്തെ കഞ്ചാവ്, മയക്കുമരുന്ന് വില്‍പന സംബന്ധിച്ച് എക്‌സൈസ് വകുപ്പ് കര്‍ശന പരിശോധന നടത്തണമെന്നും ആവശ്യമുയര്‍ന്നു. കാട്ടുപന്നികളുടെ ആക്രമണ ഭീഷണി ചെറുക്കുന്നതിന് വൈദ്യുതി വേലികള്‍ സ്ഥാപിക്കാനും നടപടി വേണം. പോളിടെക്‌നിക്കിന് സ്ഥലം ലഭ്യമാക്കാന്‍ മംഗലശ്ശേരി തോട്ടത്തിലെ വനഭൂമിക്ക് പകരം നല്‍കേണ്ട റവന്യു ഭൂമി കണ്ടെത്താന്‍ ത്വരിത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുക്കം മിനി സിവില്‍ സ്‌റ്റേഷന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ടിക്കറ്റുകള്‍ നല്‍കുന്നതിന് ജീവനക്കാരുടെ ക്ഷാമമുണ്ടെങ്കില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കുറ്റിയാടി കനാലിന്റെ സമഗ്ര അറ്റകുറ്റപണിക്കായി സമഗ്രമായ പദ്ധതി തയാറാക്കി വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ സംയുക്ത സ്‌ക്വാഡുകള്‍ സന്ദര്‍ശിക്കുമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്തവ അടച്ചുപൂട്ടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ നടപടി തുടങ്ങും.

RELATED STORIES

Share it
Top