പുഴ കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ സിപിഎം നീക്കമെന്ന് കോണ്‍ഗ്രസ്‌വടകര: കോട്ടപ്പുഴയുടെ കാരാട്ട് പ്രദേശം കൈയേറിയ ദൃശ്യ കലാസമിതിക്ക് പ്രസ്തുത സ്ഥലം വിട്ടു നല്‍കാന്‍ സിപിഎം നീക്കം നടത്തുന്നതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ നഗരസഭാ യോഗങ്ങളില്‍ പുഴ കൈയ്യേറ്റം വലിയ  ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇതിനിടെ സ്ഥലം ലീസിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ദൃശ്യ കലാസമിതി കൗണ്‍സിലിനെ സമീപിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. കൗണ്‍സില്‍ യോഗത്തില്‍ ഈ ആവശ്യം പരിഗണിക്കാനും ഭൂരിപക്ഷം ഉപയോഗിച്ച് കൈയ്യേറ്റക്കാരെ സംരക്ഷിക്കാനുമാണ് ശ്രമമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പരാതിപ്പെടുന്നത്. ക്ലബിന്റെ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയതെന്നറിയുന്നു. വ്യാജരേഖ ചമച്ചാണ് കോട്ടപ്പുഴയോട് ചേര്‍ന്ന സ്ഥലത്ത് ദൃശ്യ കലാസമിതി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ നേടിയത്. മുന്‍ ചെയര്‍മാനായിരുന്ന ടിപി ചന്ദ്രന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഭൂമിയിലെ കെട്ടിടത്തിന് വൈദ്യുതി ലഭിക്കുന്നത്. പഞ്ചായത്ത് രാജ്-നഗര പാലിക നിയമ പ്രകാരം വടകര നഗരസഭയില്‍ നിക്ഷിപ്തമായ പൊതുസ്വത്ത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കലാ സമിതിക്ക് നല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ശശിധരന്‍ കരിമ്പനപ്പാലം കുറ്റപ്പെടുത്തി. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കുന്നതില്‍ നഗരസഭാ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്ന ദിവസം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കൈയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നും കൈയ്യേറിയ പുഴ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും ശശിധരന്‍ കരിമ്പനപ്പാലം ആവശ്യപ്പെട്ടു. അതേസമയം കൈയ്യേറ്റം വലിയ വാര്‍ത്തയായി മാറിയിട്ടും സിപിഎം നേതൃത്വം ഇതുവരെ ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. സിപിഎമ്മിലെ ഉത്തരവാദപ്പെട്ട നേതാക്കളിലും പലരും കൈയ്യേറ്റത്തിന് സഹായം ചെയ്തവരായതിനാലാണ് വിഷയത്തില്‍ പ്രതികരിക്കാനാവാത്ത വിധം പാര്‍ട്ടി നിസഹായാവസ്ഥയിലായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നതാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top