പുഴയ്ക്കലിലെ പുതിയ പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന്

തൃശൂര്‍: പുഴയ്ക്കലിലെ തകര്‍ന്ന് വീണ പഴയ പാലത്തിനു പകരം നിര്‍മ്മിക്കുന്ന രണ്ട് പുതിയ പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം ഇന്ന് വൈകീട്ട് 5 ന് പദ്ധതി പ്രദേശത്ത് വെച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ അറിയിച്ചു.
7 കോടി 37 ലക്ഷം രൂപ ചിലവ് വരുന്ന ഈ രണ്ട് പാലങ്ങളുടെ നിര്‍മ്മാണം 2 വര്‍ഷത്തിനകം പൂര്‍ത്തിയാകും. തൃശ്ശൂര്‍-കുറ്റിപ്പുറം റൂട്ടിലെ ഈ പ്രധാനപ്പെട്ട പാലം 25 വര്‍ഷത്തിലേറെയായി പൂര്‍ണമായി തകര്‍ന്ന് കിടക്കുകയായിരുന്നു. തൃശ്ശൂര്‍-കുന്ദംകുളം റോഡ് നാലുവരി പാതയാക്കി മാറ്റിയെങ്കിലും പുഴയ്ക്കലിലെ ഈ പാലം പുനര്‍നിര്‍മ്മിക്കാതിരുന്നതിനെതുടര്‍ന്ന് ഇവിടെ രണ്ട് വരി ഗതാഗതമാണ് നിലവില്‍ നടക്കുന്നത്. ശോഭ സിറ്റി കൂടി വന്നതോടെ ഇവിടെ രൂക്ഷമായ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പുഴയ്ക്കല്‍ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരമാകും.
2009 ല്‍ പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ പാലത്തിന്റെ ആദ്യഘട്ട നിര്‍മ്മാണമാണ് ആരംഭിക്കുന്നതെങ്കിലും ആഗസ്ത് മാസത്തോടുകൂടി മാത്രമേ നിര്‍മ്മാണം പൂര്‍ണ്ണതോതില്‍ ആരംഭിക്കുന്നതിന് സാധിക്കുകയുള്ളൂ. പുഴയിലെ വെള്ളം കോള്‍ കൃഷി ആരംഭിക്കുന്ന സപ്തംബര്‍ മാസത്തില്‍ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ എന്നതുകൊണ്ടാണ് ഈ താമസം നേരിടുന്നത്. 1886 ല്‍ ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ ലണ്ടന്‍ വെസ്റ്റ് വുഡ് കമ്പനിയാണ് ഈ പാലം നിര്‍മ്മിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ നിന്നും അടാട്ടേക്ക് ഉണ്ടായിരുന്ന ഓലക്കുട എന്ന ബസ്സ് ഇവിടെ മറിയുകയും 13 പേര്‍ മരിക്കുകയും ചെയ്തു. ഇതിനു ശേഷം വലിയ വാഹനങ്ങളുടെ ഗതാഗതം ഈ പാലത്തില്‍ നിരോധിക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് പാലം പൂര്‍ണ്ണമായും തകര്‍ന്ന് വീണത്.
സംസ്ഥാന കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എംപി മാരായ സി എന്‍ ജയദേവന്‍, പി കെ ബിജു, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമാഹരി, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ജയചന്ദ്രന്‍ പങ്കെടുക്കും.

RELATED STORIES

Share it
Top