പുഴയില്‍ ചാടിയ യുവാവിനായി തിരച്ചില്‍

പുറക്കാട്ടിരി: യുവാവ് പുഴയില്‍ ചാടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുറക്കാട്ടിരി പുഴയില്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തി. വ്യാഴാഴ്ച രാത്രിയാണ് പുറക്കാട്ടിരി പഴയ പാലത്തിന് സമീപം യുവാവ് ചാടിയതായ വിവരം പൊലിസിന് ലഭിച്ചത്. അത്തോളിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന യുവാവ് പുഴയില്‍ ചാടുകയാണെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പില്‍ ശബ്ദ സന്ദേശം അയക്കുകയായിരുന്നു.
സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ വിവരം പൊലിസിനെ അറിയിച്ചു. സന്ദേശത്തിനൊപ്പം വെള്ളത്തിന്റെ ശബ്ദം കേട്ടതിനാല്‍ ഇയാള്‍ പുഴയില്‍ ചാടിയിട്ടുണ്ടെന്ന  നിഗമനത്തിലായിരുന്നു പൊലിസ്. വിവരമറിഞ്ഞ് ബീച്ചില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ ഒരു യൂനിറ്റ് സ്ഥലത്തെത്തിയെങ്കിലും പുഴയിലെ കുത്തൊഴുക്ക് കാരണം വ്യാഴാഴ്ചതിരച്ചില്‍ നടത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍  ഇന്നലെ  ബീച്ച് ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരാണ് തിരച്ചില്‍ നടത്തിയത്. രാവിലെ 10 മണിക്ക് ആരംഭിച്ച തിരച്ചില്‍ ഉച്ചയ്ക്ക് രണ്ട് വരെ നീണ്ടു. മൃതദേഹം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. നാട്ടുകാരും എലത്തൂര്‍ പൊലിസും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.
അതെസമയം പന്നിയങ്കര പൊലിസില്‍ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ സമീപിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. കല്ലായ് ചക്കുംകടവ് പട്ടന്ന വളപ്പ് അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അബ്ദുല്‍ മിസരി (20) നെയാണ് കാണാതായത്.
ഇതോടെ പുഴയില്‍ ചാടിയെന്ന കാര്യം കൂടുതല്‍ ശരിവെക്കുകയാണ് പൊലിസ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയുടെ നിര്‍ദേശമുണ്ടെങ്കില്‍ പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തുമെന്ന് എലത്തൂര്‍ പൊലിസ് പറഞ്ഞു.

RELATED STORIES

Share it
Top