പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചുതൃപ്പൂണിത്തുറ: ഉദയംപേരൂര്‍ കോണത്തുപുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. കൊച്ചുപള്ളിക്കു സമീപം അതുല്യനഗറില്‍ കെഎസ്ഇബി സബ് എന്‍ജിനീയര്‍ പരവന്‍വെളിയില്‍ കുസുമംകുമാറിന്റെയും ജിജിയുടെയും മക്കളായ അനന്തകൃഷ്ണന്‍(15), അതുല്‍കൃഷ്ണ(12) എന്നിവരാണു മുങ്ങിമരിച്ചത്. പൂത്തോട്ട കെപിഎംഎസ് ഹൈസ്‌കൂളില്‍ 10ാം ക്ലാസ് ഫലം കാത്തിരിക്കുന്നതിനിടയിലാണ് ദുരന്തം അനന്തകൃഷ്ണനെ തേടിയെത്തിയത്. നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സഹോദരന്‍ അതുല്‍. ഉദയംപേരൂര്‍ കൊച്ചുപള്ളിക്ക് സമീപമുള്ള കോണത്തുപുഴയുടെ തൈക്കാട് കടവിലാണ് അപകടം. സൈക്കിള്‍ ചവിട്ടിക്കളിക്കുകയായിരുന്ന സഹോദരങ്ങള്‍ കടവിലേക്കു പോയത് മറ്റു കൂട്ടുകാര്‍ ശ്രദ്ധിച്ചില്ല. പിന്നീട് കടവില്‍ അതുലിന്റെ ഷര്‍ട്ടും ചെരിപ്പും കൂടാതെ ഇരുവരുടെയും സൈക്കിളുകളും കണ്ട് മറ്റു കുട്ടികള്‍ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ജീവനുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഉദയംപേരൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് ഉച്ചയ്ക്ക് 12നു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

RELATED STORIES

Share it
Top