പുഴയിലെ തുരുത്തുകളില്‍ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനയെത്തിമോഹന്‍ദാസ് എടപ്പാള്‍

കുറ്റിപ്പുറം: ഭാരതപ്പുഴയിലെ തുരുത്തുകളില്‍ അകപ്പെട്ട കന്നുകാലികളെ കരക്കെത്തിക്കുന്നതിനായി ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചു. തൃശൂരില്‍ നിന്നുള്ള ദുരന്ത നിവാരണ സേനാംഗങ്ങളും നാട്ടിലെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നുള്ള രക്ഷാ ശ്രമത്തില്‍ ഒരു കന്നുകാലിയെ കരക്കെത്തിച്ചു. ഇന്നലെ രാവിലെയാണ് തിരുനാവായ ഭാഗത്ത് ഭാരതപുഴയിലെ ഇടവിട്ടുള്ള തുരുത്തുകളില്‍ പോത്ത്, പശു തുടങ്ങിയ മൃഗങ്ങളെ ഇതുവഴി തോണിയില്‍ യാത്ര ചെയ്യുന്നവര്‍ കണ്ടത്. അവര്‍ നല്‍കിയ വിവരത്തിന്റെഅടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥരാണ് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചത്. നൂറോളം കന്നുകാലികളാണ് പുഴയിലെ വിവിധയിടങ്ങളിലുള്ള തുരുത്തുകളില്‍ കുടുങ്ങികിടക്കുന്നത്.  മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. രണ്ട് ബോട്ടുകളിലായാണ് ദുരന്ത നിവാരണ സേനാംഗങ്ങള്‍ പുഴയിലെ തുരുത്തുകളില്‍ മൃഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. മൃഗങ്ങളെയെല്ലാം ഒരു തുരുത്തിലെത്തിച്ച് പിന്നീട് കരക്കെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
പലപ്രദേശത്തുനിന്നും കന്നുകാലികളെ പുഴയിലെ പുല്‍കാടുകളിലേക്ക് മേയാന്‍ വിടുന്നത് പതിവാണ്. ഇങ്ങിനെ കുടുങ്ങിയ കന്നുകാലികളാണ് പുഴയില്‍ ശക്തമായ ഒഴുക്ക് വര്‍ധിച്ചതോടെ വെള്ളം കയറാത്ത തുരുത്തുകളില്‍ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ക്രമാതീതമായാണ് വര്‍ധിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top