പുഴകളുടെ അതിര്‍ത്തി നിര്‍ണയിക്കാന്‍ സര്‍വേ നടത്തും

കോഴിക്കോട്: പൂനൂര്‍ പുഴയുടെയും കുറ്റിയാടി പുഴയുടെയും അതിര്‍ത്തി നിര്‍ണയിക്കുന്നതിന് സര്‍വേ നടത്താന്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. ഇതിനായി സര്‍വേ സൂപ്രണ്ടിനെയും അഡീഷണല്‍ തഹസില്‍ദാരെയും ചുമതലപ്പെടുത്തി.
അതിര്‍ത്തി നിര്‍ണയിക്കുന്ന മുറയ്ക്ക് വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തില്‍ നിന്ന് വൃക്ഷത്തൈകള്‍ ലഭ്യമാക്കാനും തീരുമാനിച്ചു. പുഴയോരം കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കാന്‍ നടപടി ഉണ്ടാവും. ചാലിയാര്‍, കുറ്റിയാടി, കടലുണ്ടി പുഴകളില്‍ നിന്ന് മണല്‍ എടുക്കുന്നതിനുളള സാധ്യത പരിശോധിക്കുന്നതിന് സാന്‍ഡ് ഓഡിറ്റ് നടത്തുന്നതിന് സര്‍ക്കാറിലേക്ക് അഭ്യര്‍ഥന നടത്താനും യോഗം തീരുമാനിച്ചു. 2012 ല്‍ നടത്തിയ ഓഡിറ്റ് പ്രകാരം 2018 വരെ ഈ പുഴകളില്‍ നിന്ന് മണല്‍ എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചാലിയാര്‍ പുഴയുടെ മലപ്പുറം ജില്ലയിലെ ഭാഗങ്ങളില്‍ മണലെടുപ്പിന് തടസ്സമില്ല. യോഗത്തില്‍ ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സാന്‍ഡ് ഓഡിറ്റ് നടത്തുന്നതിന് അനുമതി തേടാന്‍ നിശ്ചയിച്ചത്.
പുഴകളില്‍ നടക്കുന്ന അനധികൃത മണലെടുപ്പ് തടയാന്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ ശക്തിപ്പെടുത്തും.  മണല്‍ ലോഡുകള്‍ പിടിച്ചാല്‍ പരിശോധനാ റിപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ കുറ്റവാളികള്‍ രക്ഷപെടുന്ന സാഹചര്യമുണ്ട്. പിടിച്ചെടുക്കപ്പെടുന്ന മണല്‍ പരിശോധനയ്ക്ക് അയക്കണമെന്ന് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മണല്‍ കടത്തിന് പിടിക്കപ്പെട്ട വാഹനങ്ങള്‍ താലൂക്ക് ഓഫിസുകളിലും മറ്റും കേസ് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നടപടി ഉണ്ടാവും.
പിടിച്ചെടുക്കുന്ന മണല്‍ നേരത്തെ പണം അടച്ച് കാത്തിരിക്കുന്നവര്‍ക്ക് നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പി പി കൃഷ്ണന്‍കുട്ടി, അസി. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ സുനില്‍കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top