പുഴകളില്‍ വന്‍തോതില്‍ എക്കല്‍ അടിഞ്ഞുകൂടി; വീണ്ടും വെള്ളപ്പൊക്കത്തിന് കാരണമാവുമെന്ന് ആശങ്ക

എച്ച് സുധീര്‍

പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് വന്‍തോതില്‍ എക്കല്‍ മണ്ണ് വന്നടിഞ്ഞതോടെ സംസ്ഥാനത്തെ പുഴകളുടെ ആഴം കുറഞ്ഞു. ഇതോടെ, ഇനിയുണ്ടാവുന്ന മഴകളില്‍ നദികളില്‍ വെള്ളമുയര്‍ന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണമാവുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും നദിതീരവാസികളും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പ്രളയത്തെ തുടര്‍ന്ന് നദിതീരങ്ങളിലെ കിണറുകളില്‍ വന്‍തോതില്‍ വെള്ളം കുറയുകയാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഏറെ ദുരിതം വിതച്ച പ്രളയത്തിനുശേഷം പമ്പാനദിയുടെ രൂപമാകെ മാറി. ചളിയും മണലും എക്കലും വന്‍തോതില്‍ അടിഞ്ഞുകൂടി നദിയുടെ അടിത്തട്ട് ഉയര്‍ന്നു. ആഴവും കുറഞ്ഞു. കുത്തൊഴുക്കില്‍ മിക്കയിടത്തും ഒരുമീറ്റര്‍ മുതല്‍ ഏഴുമീറ്ററിലധികം വരെ മണലടിഞ്ഞതായാണു നിഗമനം. ഇങ്ങനെ സംഭവിക്കുമ്പോള്‍ നദിയില്‍ ഉള്‍ക്കൊള്ളാവുന്ന ജലത്തിന്റെ അളവില്‍ വലിയതോതില്‍ കുറവുണ്ടാവുമെന്ന് അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ ഡോ. തോമസ് പി തോമസ് പറയുന്നു. ഇതോടെ ഇനിയുണ്ടാവുന്ന മഴകള്‍ കൂടുതല്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പമ്പ ത്രിവേണി മുതല്‍ താഴേക്ക് വലിയ അളവിലാണ് മണല്‍ വന്നടിഞ്ഞിട്ടുള്ളത്. നദികളിലെ നിലവിലെ വെള്ളമൊഴുക്കിന്റെ ശക്തി കുറയുന്നതോടെ എക്കല്‍ മണല്‍ അടിഞ്ഞ് കൂടുതല്‍ ദൃഢമാവും. ഇതു പിന്നീടുള്ള ഒഴുക്കിനെ കാര്യമായി ബാധിക്കും. തുലാവര്‍ഷം ശക്തമായാല്‍ പ്രദേശങ്ങളിലെല്ലാം വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യതയേറെയാണ്.സാധാരണ എക്കലിനേക്കാള്‍ വ്യത്യസ്ത രൂപഘടനയാണ് നിലവില്‍ അടിഞ്ഞുകൂടിയ പുതിയ മണലിനുള്ളത്. ഈ മണല്‍ വളരെ വേഗത്തിലാണു കട്ടിയാവുന്നത്. ഈ പ്രതിഭാസം ഭാവിയില്‍ വലിയ അപകടമുണ്ടാക്കുമെന്ന് രാജു എബ്രഹാം എംഎല്‍എ പറയുന്നു. മണലിനൊപ്പം ചേര്‍ന്ന് ഉണങ്ങിയ എക്കല്‍ കോണ്‍ക്രീറ്റിനേക്കാള്‍ ശക്തമാണ്. ഈ മണല്‍ വെള്ളത്തിലൂടെ ഒഴുകിപ്പോവാനുള്ള സാധ്യതയും കുറവാണ്. അടിത്തട്ടില്‍ ഉറച്ചുപോയ എക്കലിന് മുകളിലൂടെയാണ് ഇനി വെള്ളം ഒഴുകിപ്പോവേണ്ടതെന്നും ഇതുവഴി നദിയുടെ ആഴം കുറയുമെന്നും അദ്ദേഹം പറയുന്നു. പ്രളയത്തിനു ശേഷം നദിതീരങ്ങളിലെ കിണറുകളിലെ ജലനിരപ്പ് വലിയ അളവില്‍ താഴുകയാണ്. ചില കിണറുകളില്‍ 10 അടിയോളം വെള്ളം കുറഞ്ഞെന്ന് തീരവാസികള്‍ പറയുന്നു. ഡാമില്‍ നിന്നു വന്നടിഞ്ഞ എക്കലിന്റെ രൂക്ഷതയാണ് ഇതിനു കാരണമെന്നാണ് ഇവര്‍ പറയുന്നത്. പ്രളയശേഷം പമ്പയുടെ പ്രധാന കൈവഴിയായ കക്കാട്ടാറിന്റെ ഘടനയിലും മാറ്റമുണ്ട്. അച്ചന്‍കോവിലാറിലും വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ജലസ്രോതസ്സുകളില്‍ അടിഞ്ഞുകൂടിയ മണല്‍ സര്‍ക്കാര്‍ സംഭരിച്ച് വില്‍പന നടത്തിയാല്‍ വലിയൊരപകടത്തിനു പരിഹാരമാവും. ഇതുവഴി സര്‍ക്കാരിനു വരുമാനം വര്‍ധിക്കുമെന്നു മാത്രമല്ല, മണല്‍ ഉണ്ടാക്കുന്നതിനായി സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന പാറഖനനം നിയന്ത്രിക്കാനും കഴിയും.പ്രളയത്തിനുശേഷം നദിയിലെ മല്‍സ്യസമ്പത്തിനും നദീതീരത്തെ ജൈവവ്യവസ്ഥയ്ക്കും മാറ്റമുണ്ടാവുമെന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. നദികളുടെ രൂപത്തില്‍ ഇതിനോടകം മാറ്റം പ്രകടമായതോടെ പുതിയ വെല്ലുവിളികളാവും നാടിനെ കാത്തിരിക്കുന്നത്.

RELATED STORIES

Share it
Top