പുളിക്കല്ലില്‍ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം

കരിപ്പൂര്‍: പുളിക്കല്‍ ആന്തിയൂര്‍കുന്നിലെ കരിങ്കല്ല് ക്വാറിയില്‍നിന്ന് മലവെള്ളം കുത്തിയൊലിച്ച് പ്രദേശം ഭീതിയിലായി. ഇതിനെത്തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കൊണ്ടോട്ടി താഹസില്‍ദാര്‍ കെ ദേവകി നിര്‍ദേശം നല്‍കി. ആന്തിയൂര്‍കുന്ന് പാമ്പൂരിയന്‍ പാറ എട്ടരക്കണ്ടി കുടുക്കില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്ല് ക്വാറിയില്‍നിന്നാണ് ഇന്നലെ പുലര്‍ച്ചെ മലവെള്ളം കുത്തിയൊലിച്ചെത്തിയത്. മുപ്പത് അടിയിലധികം ഉയരമുള്ള ക്വാറിയുടെ മുകളില്‍നിന്ന് മണ്ണും വെള്ളവും കല്ലും കുത്തിയൊലിച്ച് സമീപത്തെ റോഡ് വരെയെത്തി.
മണ്ണൊലിപ്പ് ഇപ്പോഴും തുടരുകയാണ്. മേഖലയില്‍ ഉരുള്‍പൊട്ടലെന്ന ഭീതിവന്നതതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍, ആന്തിയൂര്‍കുന്നിലെ വികെഎം ഗ്രാനൈറ്റ് ക്വാറിയില്‍ നിന്നാണ് ചെളിവെള്ളം കുത്തിയൊലിക്കുന്നതെന്ന് കണ്ടെത്തി. മണ്ണിടിഞ്ഞതിന് പിറകിലായി വലിയ മണ്‍കൂനകള്‍ അപകട ഭീഷണിയിലുണ്ട്. ഇതു കുത്തിയൊലിച്ച് പ്രദേശത്തെത്തുമോ എന്ന ആശങ്കയുമുണ്ട്. മണ്ണ് നീക്കംചെയ്യാനുള്ള ശ്രമവുമുണ്ട്. പ്രദേശത്ത് ആള്‍താമസമുള്ള വീടുകളുമുണ്ട്.
കൊണ്ടോട്ടി തഹസില്‍ദാര്‍ കെ ദേവകി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരയ സി കെ വല്‍സന്‍, എന്‍ മോഹനന്‍, പുളിക്കല്‍ വില്ലേജ് ഓഫിസര്‍ വാസുദേവന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണൊലിപ്പുള്ള ക്വാറിക്ക് വിളിപ്പാട് അകലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടിയതായി നാട്ടുകാര്‍ പറയുന്നു. അനുമതിയുള്ള ക്വാറികള്‍ ആറ് മീറ്റര്‍ ഉയരത്തില്‍ തട്ടുകളായാണ് പ്രവര്‍ത്തിപ്പിക്കേണ്ടെന്നാണ് നിയമം. എന്നാല്‍, കുത്തനെ മലയിടിക്കുന്ന കാഴ്ചയാണ് ഇവിടെ.

RELATED STORIES

Share it
Top