പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്; അന്വേഷണം വേഗത്തിലാക്കണമെന്ന്

കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഡിറ്റ് റിപോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ക്രമക്കേടുകളില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ജനാധിപത്യ കേരളാ കേണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഓഡിറ്റ് റിപോര്‍ട്ടില്‍ ബാങ്കില്‍ നടന്ന ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ബാങ്ക് സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരേ അടിയന്തര നടപടികള്‍ സ്വീകരിക്കണം. തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന സെക്രട്ടറിയെ മാറ്റിനിര്‍ത്തി സഹകരണവകുപ്പ് നടപടികള്‍ സ്വീകരിക്കണം. ഏതാനും വര്‍ഷങ്ങളായി സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യാതെ 25 ലക്ഷം രൂപവരെ നിയമവിരുദ്ധമായി സ്വന്തക്കാര്‍ക്കും ആശ്രിതര്‍ക്കും നല്‍കിവരുന്നു. വായ്പാ വിതരണത്തില്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങള്‍ വസ്തുവിന്റെ മൂല്യനിര്‍ണയം നടത്താറില്ല. എന്നാല്‍, മൂല്യനിര്‍ണയം നടത്തിയതായി വ്യാജരേഖയുണ്ടാക്കി അനധികൃതമായി 2,41,225 രൂപ ഭരണസമിതിയംഗങ്ങള്‍ വീതംവച്ചിട്ടുണ്ട്. ഈ തുക വായ്പ എടുത്തവര്‍ക്ക് തിരികെ കൊടുക്കണമെന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ ആരെങ്കിലും പുതുക്കിയാല്‍ ഒരേ വസ്തുതന്നെ 1,000 രൂപവരെ നിയമവരുദ്ധമായി ഫീസ് ഈടാക്കും. ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് സെക്രട്ടറി നടത്തിയതായും ഓഡിറ്റ് റിപോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.
സ്റ്റാഫിന്റെ പിഎഫ് ക്രമീകരണം, മിസലേനിയസ് ഇനം, ഇന്‍വെസ്റ്റ്‌മെന്റ് ഹെഡ് തുടങ്ങി സെക്രട്ടറി കൈകാര്യം ചെയ്യുന്ന മേഖലകളില്‍ 3,23,293 രൂപ സെക്രട്ടറിയില്‍ നിന്നും ഈടാക്കണമെന്നും നിര്‍ദേശമുണ്ട്. പവര്‍ ഓഫ് അറ്റോര്‍ണിയില്‍ വായ്പ നല്‍കാന്‍ നിയമാവലിയില്‍ വ്യവസ്ഥയില്ല. എന്നാല്‍, നിയമവിരുദ്ധമാണെന്ന് ബോധ്യമുണ്ടായിട്ടും സെക്രട്ടറി വ്യാപകമായി വായ്പ അനുവദിച്ചു. ഇത്തരത്തില്‍ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ ബാങ്ക് ജീവനക്കാര്‍ക്ക് അനുവദനീയമായ വായ്പയില്‍ കൂടുതല്‍ ക്രമവിരുദ്ധമായി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം ഉടന്‍ പ്രഖ്യാപിക്കാത്ത സാഹചര്യമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എ ആന്റണി, വി എസ് ചാക്കോ, കെ എം ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top