പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി ആരംഭിക്കുന്നുപുല്‍പ്പള്ളി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 80 കോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിക്ക് ജൂണ്‍ ആദ്യവാരത്തില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി മുള്ളന്‍കൊല്ലിയില്‍ നടക്കുന്ന സെമിനാര്‍ 21ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 15220 ഹെക്ടര്‍ പ്രദേശമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 4030 ഹെക്ടര്‍ വനവും 277 ഹെക്ടര്‍ വയലുമാണ്. പ്രദേശത്തെ പരിസ്ഥിതി പുനസ്ഥാപിക്കുന്നതിന് ജൈവവൈവിധ്യം വികസിപ്പിക്കുന്നതിനും സാധ്യമാകുന്ന തരത്തിലാണ് പദ്ധതി പ്രവര്‍ത്തനം നടപ്പിലാക്കുന്നത്. 80.20 കോടി അടങ്കല്‍ വരുന്ന സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഈ സാമ്പത്തിക വര്‍ഷം 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപയും പനമരം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ 50 ലക്ഷം രൂപ വീതവും പദ്ധതി പ്രവര്‍ത്തനത്തിനായി വിനിയോഗിക്കും. ഇതിന് പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.46 ലക്ഷം തൊഴില്‍ ദിനങ്ങള്‍ ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.കബനീതീരത്ത് 12 കിലോമീറ്റര്‍ നീളത്തില്‍ മൂന്ന് വരിയില്‍ തനത് നാടന്‍ ഇനത്തില്‍പ്പെട്ട വൃക്ഷതൈ നടുകയും മൂന്ന് വര്‍ഷത്തേക്ക് അവയെ പരിപാലിക്കുകയും ചെയ്യും. 6000 ഹെക്ടര്‍ കരപ്രദേശത്ത് നാടന്‍ ഇനത്തില്‍പ്പെട്ട 150000 വൃക്ഷതൈകള്‍ പദ്ധതി പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബുകളുടെ സഹായത്തോടെ വച്ചുപിടിപ്പിക്കും. തീറ്റപ്പുല്‍ ക്ഷാമം പരിഹരിക്കുന്നതിന് 200 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ധനസഹായം നല്‍കും. 200 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടപ്പിലാക്കാനും 750 ഹെക്ടര്‍ സ്ഥലത്ത് പുതുവിള, കവര്‍, ക്രോപ്പ് നടപ്പിലാക്കും പദ്ധതി പ്രദേശത്ത് ആവശ്യമായ ജൈവവളം ലഭ്യമാക്കുന്നതിന് കംപോസ്റ്റ് പ്രൊസസിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനും ഉപരിതല നീര്‍ച്ചാലുകള്‍ കുറയ്ക്കുന്നതിനും ഭൂഗര്‍ഭജലം ശക്തിപ്പെടുത്തുന്നതിന് ജലസംരക്ഷണം മെച്ചപ്പെടുത്തി ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. കിണറുകളും കുഴല്‍ കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും ചകിരി നിറച്ച് മഴക്കുഴി ഉണ്ടാക്കാനും റോഡിലൂടെ ഒഴികിയെത്തുന്ന ജലം സംഭരിക്കാനും സംവിധാനം ഒരുക്കും. പഴയ കയ്യാലകളുടെ പുനരുദ്ധാരണം, പുതിയ കയ്യാല നിര്‍മാണം വനാതിര്‍ത്തിയുള്ള താഴ്‌വാരങ്ങളില്‍ മണ്‍ തടയണകള്‍ നിര്‍മിക്കും. ജൈവതടയണ നിര്‍മിക്കാനും നീര്‍ച്ചാലുകളുടെ പാര്‍ശ്വ സംരക്ഷണത്തിനും ജൈവമാര്‍ഗങ്ങള്‍ അവലംബിക്കാനും ചെറുതും വലുതുമായ തടയണ നിര്‍മിച്ച് ജലസംരക്ഷണം ജലസേചനം എന്നിവ ഉറപ്പുവരുത്തും. പഴയതും തകര്‍ന്നതുമായ തടയണകള്‍ പുനരുദ്ധരിക്കാനും വിവിധ വലുപ്പത്തിലുള്ള മണ്‍കുളങ്ങളും കല്ലുകെട്ടിയ കുളകള്‍ നിര്‍മിച്ചും മണ്‍കുളങ്ങള്‍ക്കും മണ്ണിടിച്ചിലുള്ള ഭാഗങ്ങള്‍ക്കും കയര്‍ഭൂവസ്ത്രം ചെയ്ത് സംരക്ഷണം ഉറപ്പാക്കാനും തോടുകള്‍ക്ക് അകത്ത് തന്നെ ജലം സംഭരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ് പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ ജെ പോള്‍, ശിവരാമന്‍ പാറക്കുഴി, ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരുയന്‍കാവില്‍, അനില്‍മോന്‍, ജോസ് നെല്ലേടം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top