പുല്‍പ്പള്ളിക്ക് നഷ്ടമായത് ശക്തനായ പോരാളിയെ

പുല്‍പ്പള്ളി: വി എന്‍ ലക്ഷ്മണനിലൂടെ പുല്‍പ്പള്ളിക്ക് നഷ്ടമായതു മികച്ച സമരപോരാളിയെ. കുടിയേറ്റ മേഖലയുടെ വികസനത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച വി എന്‍ ലക്ഷ്മണന്‍. പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പുല്‍പ്പള്ളിയുടെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷക്കാലം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. അര നൂറ്റാണ്ട് മുമ്പ് കുടിയേറ്റ കാലഘട്ടത്തില്‍ കൂത്താട്ടുകുളത്ത് നിന്നുമാണ് ലക്ഷ്മണന്‍ പുല്‍പ്പള്ളിയിലെത്തയിത്. അന്നുതൊട്ട് നാടിന്റെ നാനാവിധമായ ആവശ്യങ്ങള്‍ക്കായി സജീവമായി പ്രവര്‍ത്തിച്ചുവന്നു. ദേവസ്വം ഭൂമി കൈയേറി താമസിച്ചുവന്ന കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കാനും മറ്റും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് അദ്ദേഹം. പുല്‍പ്പള്ളിയില്‍ കോളജ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിലും ലക്ഷ്മണന്റെ പങ്ക് നിസ്തുലമാണ്.
ടി യു ജേക്കബിനൊപ്പം പഴശ്ശിരാജാ കോളജ് അനുവദിക്കുന്ന കാര്യത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും സഹകരണ ബാങ്ക് ഡയറക്ടറും പഴശ്ശിരാജാ കോളജ് മുന്‍ ഗവേണിങ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സബ് ട്രഷറി, പോസ്റ്റ്ഓഫിസ്, പുല്‍പ്പള്ളി-സുല്‍ത്താന്‍ ബത്തേരി റോഡ്, പോലിസ് സ്റ്റേഷന്‍ എന്നീ പൊതുകാര്യങ്ങള്‍ക്കും അദ്ദേഹം മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. പുല്‍പ്പള്ളിയില്‍ ഐഎന്‍ടിയുസി ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് അസോസിയേഷനില്‍ അരനൂറ്റാണ്ടായി അദ്ദേഹം തന്നെയായിരുന്നു പ്രസിഡന്റ്.
വി എന്‍ ലക്ഷ്മണന്റെ നിര്യാണത്തില്‍ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം, കെപിസിസി അംഗം കെ എല്‍ പൗലോസ്, മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അനുശോചിച്ചു.

RELATED STORIES

Share it
Top