പുലിമുട്ടുകളില്‍ നാവിഗേറ്റര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു

ബേപ്പൂര്‍: ബേപ്പൂരിലെയും ചാലിയത്തെയും പുലിമുട്ടുകളില്‍  സോളാര്‍ നാവിഗേറ്റര്‍ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഓസ്‌ട്രേലിയന്‍ നിര്‍മിത നാവിഗേറ്റര്‍ ലൈറ്റുകളാണ് ഇരു പുലിമുട്ടുകളിലുമായി ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്.
തുറമുഖ വകുപ്പ് ഫണ്ടില്‍നിന്നുള്ള മൂന്നുലക്ഷം രൂപ ചെലവിട്ടാണ് ദിശാ സൂചിക വെളിച്ചം അടിയന്തിരമായി സജ്ജമാക്കിയത്. രാത്രിസമയങ്ങളില്‍ എത്തുന്ന മീന്‍പിടിത്ത ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും മറ്റ് ജലയാനങ്ങള്‍ക്കും ബേപ്പൂര്‍ ഹാര്‍ബറിലേക്കുള്ള നേരായ ദിശ മനസ്സിലാക്കുന്നതിനാണ്  ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.ആഴക്കടല്‍ മീന്‍പിടുത്തം കഴിഞ്ഞു ബോട്ടുകള്‍ മിക്കവയും രാത്രി സമയങ്ങളിലാണ് ഹാര്‍ബറിലേക്ക് തിരിച്ചു വരാറുള്ളത്. അതിരാവിലെയുള്ള വിപണനം മുന്നില്‍ കണ്ടാണ് ബോട്ടുകള്‍ രാത്രിയോടെ ഹാര്‍ബറില്‍ എത്തുന്നത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അഴിമുഖത്തെ വെളിച്ചമില്ലായ്മ  മത്സ്യത്തൊഴിലാളികള്‍ക്കും ചെറുവള്ളങ്ങള്‍ക്കും വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു .കപ്പല്‍ ചാലിലേക്ക് രാത്രികാലങ്ങളില്‍ എത്തുന്ന വലിയ ജലയാനങ്ങള്‍ക്ക് കൃത്യമായി ബേപ്പൂര്‍ തുറമുഖത്ത് പ്രവേശിക്കുവാനും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും കപ്പല്‍ ക്യാപ്റ്റന്‍മാരും തുറമുഖ വകുപ്പിനെ ഇക്കാര്യം മുമ്പെ അറിയിച്ചതാണ്.രാത്രിയിലെ വെളിച്ചക്കുറവ് കാരണം അഴിമുഖത്തേക്ക് തള്ളിനീക്കുന്ന പുലിമുട്ടിലെ കല്ലുകളില്‍ ഇടിച്ചു ബോട്ടുകള്‍ക്കും ചെറുവള്ളങ്ങള്‍ക്കും പരിക്കുകള്‍ സംഭവിക്കുന്നത് സാധാരണയാണ്. കൃത്യമായ ദിശ മനസ്സിലാക്കാതെ മീന്‍ പിടുത്തം കഴിഞ്ഞുവരുന്ന ജലയാനങ്ങള്‍ അഴിമുഖത്തെത്തുമ്പോള്‍ ശക്തിയേറിയ തിരമാലകളില്‍പ്പെട്ട്  തകരുന്ന സംഭവങ്ങളും ഇടക്കിടെ ഉണ്ടാകാറുണ്ട്.
ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും, ബേപ്പൂര്‍ കടലോര ജാഗ്രതാ സമിതിയും ദിശാ വെളിച്ചം സ്ഥാപിക്കുവാന്‍ തുറമുഖ വകുപ്പിനോട് വ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.കടല്‍ക്ഷോഭ സാധ്യതകളെക്കുറിച്ച് ഫിഷറീസ് അധികൃതരുടെ  പെട്ടെന്നുള്ള മുന്നറിയിപ്പ് ലഭിച്ചാല്‍ ബോട്ടുകള്‍ കൂട്ടത്തോടെ ബേപ്പുര്‍ ഹാര്‍ബറിലേക്ക് അര്‍ധരാത്രിയില്‍ പ്രവേശിക്കുന്നതിനായി അഴിമുഖത്ത് എത്തിയാല്‍ ദിശ മനസ്സിലാക്കുവാന്‍ നന്നെ പ്രയാസപ്പെടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കടലോര ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ലൈറ്റുകള്‍ സ്ഥാപിച്ചാണ് വെളിച്ച സംവിധാനം ഇവിടെ ഒരുക്കിയിരുന്നത്.
അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം ഹാര്‍ബറിലേക്ക് പ്രവേശിക്കാനുള്ള തിരിച്ചറിയല്‍ വെളിച്ചം ഒരു ഭാഗത്ത് പച്ചയും മറുഭാഗത്ത് ചുവപ്പും ആയിട്ടാണ് നിശ്ചയിച്ചിട്ടുള്ളത് . കടലില്‍നിന്ന്  മത്സ്യതൊഴിലാളികള്‍ക്ക് ഏതാണ്ട് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്ന് വരെ വെളിച്ചം കാണാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

RELATED STORIES

Share it
Top