പുലിഭീതിയില്‍ വാല്‍പ്പാറ നിവാസികള്‍

ചാലക്കുടി: പുലി പേടിച്ച് പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ് വാല്‍പ്പാറയിലെ തോട്ടം തൊഴിലാളികള്‍. വസ്ത്രം അലക്കുന്നതിനിടെ കുശലം പറഞ്ഞുകൊണ്ടിരുന്ന കൈലാസവതിയുടെ വേര്‍പാടിന്റെ നടുക്കത്തില്‍ നിന്നും ഇനിയും സമീപവാസികള്‍ മോചിതരായിട്ടില്ല. തെയില തോട്ടങ്ങള്‍ക്ക് സമീപം പുലി സാന്നിധ്യമുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങലിലേക്ക് പുലിയെത്തുന്നത് ഈയടുത്ത കാലംമുതലാണ്.
വീട്ടുമുറ്റത്ത് നില്‍ക്കാനോ അയല്‍വാസികളോട് പുറത്ത് നിന്ന് സംസാരിക്കാനോ ആകാത്ത അവസ്ഥയാണിപ്പോള്‍ വാല്‍പ്പാറയില്‍. കാട് കടന്നെത്തുന്ന പുലി ആദ്യകാലങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെയായിരുന്നു വകവരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറി. വളര്‍ത്ത് മൃഗങ്ങള്‍ക്ക് പുറമെ മനുഷ്യജീവനുകളും പുലിയുടെ ഇരയായി മാറുകയാണ്. കുട്ടികളെ സ്‌കൂളില്‍ വിടാനോ പുറത്ത് കളിക്കാനയക്കാനോ ഇവിടത്തെ മാതാപിതാക്കള്‍ക്ക് ഭയമാണ്.
വാതിലടച്ച് വീടിനകത്ത് കുട്ടികളെ സംരക്ഷണം നല്‍കുകയാണ് തോട്ടം തൊഴിലാളികള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം പേരയാണ് ഈ മേഖലയില്‍ പുലി വകവരുത്തിയിട്ടുള്ളത്. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇതിനും പതിന്‍മടങ്ങാണ്.
ഓരോ പുലിയാക്രമണത്തിലും വനംകുപ്പും രാഷ്ട്രീയ പ്രതിനിധികളും സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് നിരവധി ഉറപ്പുകള്‍ വാഗ്ദാനം നല്‍കി മുങ്ങുകയാണ് പതിവ്. ആ പതിവിന് മാറ്റം വരുകയില്ലെന്ന തിരിച്ചറിവ് തോട്ടം തൊഴിലാളികള്‍ക്കറിയാം. സുരക്ഷിതമല്ലാത്ത ലായങ്ങളില്‍ താമസിച്ച് തേയില തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടത്തെ തൊഴിലാളികള്‍. ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ കുടുംബമായി ഇവിടെ തങ്ങേണ്ടി വരുന്ന ഗതികേടാണ് ഇവിടെയുള്ള തൊഴിലാളികള്‍ക്ക്.
കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട കൈലാസവതിയാണ് പുലിയാക്രമണത്തിലെ അവസാനത്തെ ഇര. ജീവന് സംരക്ഷണം നല്‍കണമെന്നാവശപ്പെട്ട് പതിവ് പോലെ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. സംരക്ഷണം ഉറപ്പ് നല്‍കി അധികൃതരും തലയൂരി. അടുത്ത പുലിയാക്രമണത്തില്‍ ഇത് വീണ്ടും ആവര്‍ത്തിക്കും. ജൂണ്‍ 1 ന് സിങ്കോള എസ്റ്റേറ്റിലെ ചന്ദ്രമതി എന്ന തോട്ടം തൊഴിലാളിയെ പുലി ആക്രമിച്ചിരുന്നു. ഇവരിപ്പോഴും ചികില്‍സയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം പേരാണ് പുലിയാക്രമണത്തില്‍ വിവിധിയിടങ്ങളിലായി പുലിയാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

RELATED STORIES

Share it
Top