പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: കാലാവധി നീട്ടാന്‍ കമ്മീഷന്‍ സര്‍ക്കാരിനെ സമീപിച്ചു

കൊച്ചി: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തെക്കുറിച്ച് അേന്വഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജ. പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ കാലാവധി ആറുമാസത്തേക്കു നീട്ടാന്‍ സര്‍ക്കാരിനെ സമീപിച്ചു. ആഗസ്ത് 12ന് കമ്മീഷന്റെ കാലാവധി തീരാനിരിക്കെയാണ് കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. സാക്ഷിവിസ്താരങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. വാദപ്രതിവാദങ്ങളാണ് നിലവില്‍ കമ്മീഷനില്‍ നടക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായി. കമ്മീഷന്‍ അഭിഭാഷകന്റെ വാദമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മാസം 31 മുതല്‍ തുടര്‍ച്ചയായി നാലുദിവസം കമ്മീഷന്‍ സിറ്റിങ് നടത്തും. നാലുമാസത്തിനുള്ളില്‍ വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയാവുമെന്നാണു കരുതുന്നത്. തുടര്‍ന്നാണ് റിപോര്‍ട്ട് തയ്യാറാക്കുക.
കമ്മീഷന്‍ ഇതുവരെ 68 സിറ്റിങുകളിലായി 172 സാക്ഷികളെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തി. എറണാകുളത്തിനു പുറത്ത് കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ 14 ദിവസം ക്യാംപ് ചെയ്താണ് പരിസരവാസികളുടെയും ദുരന്തത്തില്‍ പരിക്കേറ്റവരുടെയും മൊഴി രേഖപ്പെടുത്തിയത്. ഡോക്ടര്‍മാരുടെയും മൊഴികള്‍ അവിടെ വച്ച് രേഖപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top