പുറമേരിയിലെ ജലനിധി കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു

നാദാപുരം: പുറമേരി പഞ്ചായത്തിലെ ബേങ്കേരിയ ശുദ്ധജല പദ്ധതി ഉദ്ഘാടനത്തിന് ശേഷം ഉപേക്ഷിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പനമ്പറ, പരവന്‍ മീത്തല്‍ ഭാഗങ്ങളിലെ 150ഓളം കുടുംബങ്ങള്‍ക്ക് ശുദ്ധ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തത്. പുറമേരി വെള്ളൂര്‍ റോഡില്‍ കരിങ്കല്‍ പാലത്തിന് സമീപം സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് കുടിവെള്ള പദ്ധതിക്കായി കിണര്‍ കുഴിച്ചത്.
കിണറിലെ വെള്ളം ചളിമയമായതിനാലാണ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. കിണര്‍ നിര്‍മാണത്തിനായി പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. നിലമ്പൂര്‍ സ്വദേശിയാണ് കിണറിന്റെ കരാര്‍ പ്രവൃത്തി നടത്തിയത്. ഇയാള്‍ തുക മുഴുവന്‍ മാറിയെടുക്കുകയും ചെയ്തു. സമീപത്തെ പുഴയോട് ചേര്‍ന്ന പറമ്പിലാണ് കിണര്‍ നിര്‍മിച്ചത്.
മേഖല കിണറിന് അനുയോജ്യമായ സ്ഥലമല്ലെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും ശാസ്ത്രീയമായ പരിശോധനകള്‍ക്ക് ശേഷമാണ് കിണര്‍ നിര്‍മിക്കുന്നതെന്നുമാണ് അധികൃതര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. പദ്ധതിക്കായി 150 കുടുംബങ്ങളില്‍ നിന്നായി 4000 രൂപയും പിരിവെടുത്തിരുന്നു. ഉദ്ഘാടനം നടത്തിയ ശേഷമാണ് വെള്ളം ഉപയോഗശൂന്യമാണെന്ന് പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചത്. ഇതോടെ കിണറിന് ചെലവഴിച്ച 12 ലക്ഷം രൂപ വെള്ളത്തിലാവുകയും നാട്ടുകാരുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് നീളുകയും ചെയ്യുകയാണ്.
നാദാപുരം മേഖലയില്‍ നിന്നടക്കം മാലിന്യം ഒഴുകിയെത്തുന്ന മേഖലയിലെ പറമ്പിലാണ് കിണര്‍ നിര്‍മിച്ചത്. കിണറിലെ വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളം പരിശോധനയ്ക്ക് അയച്ചങ്കിലും റിപോര്‍ട്ട് പരസ്യപ്പെടുത്താന്‍ പുറമേരിയിലെ ജലനിധി ഓഫിസ് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പുതിയ കിണര്‍ നിര്‍മിക്കുന്നതിനായി സ്ഥലം പഞ്ചായത്ത് അന്വേഷിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED STORIES

Share it
Top