പുറംലോകവുമായി ബന്ധമില്ല; വീട്ടുതടങ്കലില്‍ ഡോ. ഹാദിയനിഷാദ്  എം  ബഷീര്‍

കോട്ടയം: വിവാഹം അസാധുവാക്കി ഹൈക്കോടതി വീട്ടുകാര്‍ക്കൊപ്പം അയച്ച ഇസ്‌ലാംമതം സ്വീകരിച്ച ഡോ. ഹാദിയയുടെ ജീവിതം കാരാഗൃഹവാസത്തിനു സമാനം. കനത്ത പോലിസ് സുരക്ഷയില്‍ മുറിക്കുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ പോലുമാവാതെ വൈക്കം ടിവി പുരം വട്ടയില്‍പ്പടിയിലെ വീട്ടിലാണ് ഹാദിയ. മൊബൈല്‍ ഫോണിനും വിലക്കേര്‍പ്പെടുത്തിയതോടെ പുറംലോകവുമായി ഒരുതരത്തിലും ബന്ധപ്പെടാനാവാത്ത അവസ്ഥയാണ്. റമദാന്‍  ആരംഭിച്ചത് മുതല്‍ മുടങ്ങാതെ നോമ്പനുഷ്ഠിക്കുന്നുണ്ട്. കാവല്‍ നില്‍ക്കുന്ന പോലിസുകാരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. പൂര്‍ണമായും വീട്ടുതടങ്കലിലായ ഹാദിയയുടെ അവസ്ഥ സംബന്ധിച്ച യഥാര്‍ഥ ചിത്രം രഹസ്യമായിത്തന്നെ തുടരുകയാണ്. ഹൈക്കോടതിയുടെ നി ര്‍ദേശപ്രകാരം എറണാകുളത്തെ ഹോസ്റ്റലില്‍ താമസിപ്പിച്ച ഹാദിയയെ മെയ് 26ന് ഉച്ചയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം കനത്ത പോലിസ് സംരക്ഷണത്തില്‍ വൈക്കത്തെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്നു മുതല്‍ വീടും പരിസരവും പോലിസിന്റെ കനത്ത വലയത്തിലാണ്. കോട്ടയം എസ്പിക്കാണ് സുരക്ഷയുടെ പൂര്‍ണ ചുമതല. വൈക്കം ഡിവൈഎസ്പിയാണ് ദൈനംദിന നേതൃത്വം വഹിക്കുന്നത്. വൈക്കം എസ്‌ഐയുടെ നേതൃത്വത്തില്‍ 27 പോലിസുകാരടങ്ങുന്ന സംഘമാണ് വീട്ടില്‍ കാവലൊരുക്കുന്നത്. ഇതില്‍ രണ്ടു വനിതാ പോലിസുകാര്‍ പെണ്‍കുട്ടിക്കൊപ്പം എപ്പോഴുമുണ്ടാവും. രണ്ടു ദിവസം കൂടുമ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്താ ന്‍ ജില്ലയിലെ ഡിവൈഎസ്പിമാര്‍ നേരിട്ട് പരിശോധനയ്‌ക്കെത്തും. വട്ടയില്‍ ജങ്ഷന്‍ മുതല്‍ വീടു വരെയുള്ള ഭാഗങ്ങള്‍ സിസിടിവി കാമറാ നിരീക്ഷണത്തിലാണ്.  പുറത്തുനിന്നുള്ള ആരെയും അകത്തേക്കു വിടേണ്ടതില്ലെന്നാണ് തീരുമാനം. വീട്ടില്‍ കൊണ്ടുവന്ന ദിവസം വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍നിന്നു ഹാദിയയെ പോലിസ് വിലക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ വീട്ടുകാരും വിസമ്മതിച്ചു. ഹാദിയയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവരുന്നത് തടയുന്നതിനു പോലിസുകാരുടെ മേല്‍ വീട്ടുകാരുടെ സമ്മര്‍ദവുമുണ്ട്. ഹാദിയയോട് സംസാരിക്കാന്‍ അനുമതി ചോദിച്ചപ്പോ ള്‍, ഹൈക്കോടതിയുടെ ഉത്തരവ് വേണമെന്നായിരുന്നു ഡിവൈഎസ്പിയുടെ നിലപാട്. അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് വീട്ടിലേക്കുള്ള പ്രവേശനം; അതും വീട്ടുകാരുടെ അനുമതിയോടെ മാത്രം. രാത്രികാലങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കും. കോടതിയില്‍ നിന്ന് ഇനിയൊരു ഉത്തരവ് വരുംവരെ സുരക്ഷാ സംവിധാനം തുടരുമെന്നാണ് പറയുന്നത്. അതേസമയം, ഡോ. ഹാദിയയുടെ വീട്ടുതടങ്കലുമായി ബന്ധപ്പെടുത്തി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഹാദിയ വീട്ടുകാരെ വിളക്കുകൊളുത്താന്‍ അനുവദിച്ചില്ലെന്നും വീട്ടുകാര്‍ക്കു മേല്‍ സമ്മര്‍ദമുണ്ടെന്നുമാണ് അച്ഛന്‍ അശോകനെ ഉദ്ധരിച്ച് പ്രചരിക്കുന്നത്. എന്നാല്‍, പോലിസ് ഇത് നിഷേധിക്കുന്നു. ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെ തടഞ്ഞതിനെത്തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു. പിതാവിനോട് അവര്‍ സംസാരിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വൈക്കം എസ്‌ഐ ജോയി തോമസ് തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top