പുരോഗമന സര്‍ക്കാരുകളെന്ന് അവകാശപ്പെടുന്നവരുടെ നാട്ടില്‍ ദലിതുകള്‍ വേട്ടയാടപ്പെടുകയാണെന്ന് എംഎല്‍എ

തൃശൂര്‍: പുരോഗമന സര്‍ക്കാറുകളെന്ന് അവകാശപ്പെടുന്നവരുടെ നാട്ടില്‍ ദളിതുകള്‍ വേട്ടയാടപ്പെടുകയാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.
തൃശൂര്‍ കോര്‍പറേഷനു മുമ്പില്‍ പിണറായി സര്‍ക്കാരിന്റെ ജാതി പോലിസിങ്ങിനെതിരേ യൂത്ത് ലീഗ് തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ നിര  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാറും മോഡി സര്‍ക്കാറും പിന്തുടരുന്നത് അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമാണ്. പോലിസിന്റെ അധികാര ദുര്‍വിനിയോഗം തുടര്‍ക്കഥയാവുന്ന കേരളത്തില്‍ പാവപ്പെട്ടവന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വിനായകന്‍ മരിച്ച് ഒരാണ്ട് പൂര്‍ത്തിയാവുമ്പോഴും നീതിക്കുവേണ്ടിയുള്ള വിനായകന്റെ കുടുംബത്തിന്റെ പോരാട്ടത്തിന് അറുതിയായിട്ടില്ല. കുറ്റാരോപിതരായ പോലിസുകാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. ഈ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ നിങ്ങളുടെ കണ്ണുനീരെനിക്കു കാണേണ്ട എന്ന മറുപടിയാണ് ലഭിച്ചത്. ഒരിക്കലുമൊരു ഭരണാധികാരിയില്‍ നിന്നുണ്ടാവേണ്ട മറുപടിയല്ലിത്. കേരളത്തിന് അപമാനമായ നിരവധി കൊലപാതങ്ങള്‍ അടിക്കടിയുണ്ടാവുകയാണ്. കേരളം ഉത്തരേന്ത്യയാക്കാനാണ് ഇവിടുത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. കേരളത്തിലെ പോലിസിനെ കയറൂരി വിട്ടിരിക്കുകയാണ്. നരേന്ദ്രമോഡിയുടെ ഭരണത്തിലും ദളിതന്റെ അവസ്ഥ വിഭിന്നമല്ല. 19 ദളിതുകളാണ് മോഡി ഭരണത്തിനു കീഴില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത്.   വിമര്‍ശിക്കുന്നവരെ അക്രമിക്കുകയും വകവരുത്തുകയാണ്. ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും ദബോല്‍ക്കറും ഉയര്‍ത്തിപ്പിടിച്ച സ്വതന്ത്ര ചിന്തകളെ ഭരണകൂടം ഭീതിയോടെയാണ് കണ്ടിരുന്നതെന്നതാണ് അവരുടെ വധത്തിലൂടെ വ്യക്തമാക്കപ്പെട്ടതെന്നും ഷംസുദ്ദീന്‍ പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്— കെകെ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ എം സനൗഫല്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എ ഹാറൂണ്‍ റഷീദ്, അസീസ് താണിപ്പാടം, സെക്രട്ടറിമാരായ എംഎ റഷീദ്, എം.വി സുലൈമാന്‍, ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെഎ പുരുഷോത്തമന്‍, ജില്ലാ വൈസ് പ്രസിഡന്റ് രജനി കൃഷ്ണാനന്ദ്, വിനായകന്റെ മാതാപിതാക്കളായ കൃഷ്ണന്‍, ഓമന, യൂത്ത് ലീഗ് ജില്ലാ ഖജാഞ്ചി പിഎം മുസ്തഫ, സീനിയര്‍ വൈസ് പ്രസിഡന്റ് ടികെ ഉസ്മാന്‍, ഭാരവാഹികളായ ആര്‍എം മനാഫ്, ആര്‍കെ സിയാദ്, അഷ്‌കര്‍ കുഴിങ്ങര സംസാരിച്ചു.

RELATED STORIES

Share it
Top