പുരുഷോത്തം സോളങ്കി മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

അഹ്മദാബാദ്: ഗുജറാത്തില്‍ മല്‍സ്യവകുപ്പ് മന്ത്രിയും കോലി നേതാവുമായ പുരുഷോത്തം സോളങ്കി മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനിന്നു. വകുപ്പ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്നാണ് യോഗം ബഹിഷ്‌കരിച്ചത്. തങ്ങളുടെ നേതാവിന് നല്ല വകുപ്പുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടു മുന്‍ ബിജെപി എംഎല്‍എയും സോളങ്കിയുടെ സഹോദരനുമായ ഹിരാ സോളങ്കിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ അനുയായികള്‍ കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ യോഗം ചേര്‍ന്നിരുന്നു. കോലി സമുദായത്തിന്റെ വികാരം ബിജെപി നേതൃത്വത്തെ അറിയിക്കുമെന്നു ഹിരാ സോളങ്കി പറഞ്ഞു. തനിക്കനുവദിച്ച വകുപ്പില്‍ പുരുഷോത്തം സോളങ്കി നേരത്തേ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരിചയക്കുറവുള്ളവര്‍ക്ക് പോലും നല്ല വകുപ്പുകള്‍ നല്‍കിയിട്ടും അഞ്ചു തവണ എംഎല്‍എയായ തന്നെ അവഗണിച്ചതായി അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിസഭയിലും സഹമന്ത്രിയായ തന്നെ ഇത്തവണയും മല്‍സ്യവകുപ്പ് സഹമന്ത്രിയായാണ് നിയോഗിച്ചത്. മറ്റു മന്ത്രിമാര്‍ക്ക് ഒന്നിലധികം വകുപ്പുകള്‍ നല്‍കിയപ്പോള്‍ തനിക്ക് ഒരു വകുപ്പ് മാത്രമാണ് അനുവദിച്ചത്. മുഖ്യമന്ത്രി 12 വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. തന്റെ സമുദായത്തിന് ഗുജറാത്ത് മന്ത്രിസഭയില്‍ മെച്ചപ്പെട്ട സ്ഥാനം നല്‍കിയില്ലെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നു കോലി സമുദായത്തിന് തീരുമാനിക്കേണ്ടി വരുമെന്നും സോളങ്കി പറഞ്ഞു.

RELATED STORIES

Share it
Top