പുരാതന ശിലാശില്‍പങ്ങള്‍ നശിക്കുന്നു

വീരാവുണ്ണി   മുള്ളത്ത്
അഗളി: അട്ടപ്പാടി വനത്തിനുള്ളില്‍ കാണപ്പെട്ട പുരാതനകാലത്തെ കല്ലുകള്‍ സംരക്ഷണ മില്ലാതെ നശിക്കുന്നു. ബി സി 300നും 1700നുമിടയിലുള്ള ശി ല്‍പ്പകലാ മാതൃകയില്‍ നിര്‍മ്മിച്ചതാകാമെന്നും അതല്ല, അതിനു മുമ്പ് നിര്‍മ്മിച്ചതാകാമെന്നും വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു. മുക്കാലി, ചെമ്മണ്ണൂര്‍, പുതൂര്‍, ആനക്കെട്ടി എന്നി പ്രദേശങ്ങളിലെ വനമേഖലയിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീരക്കല്ലുകള്‍ അനാഥമായി അവശേഷിക്കുന്നത്.
ബി.സി. 300 മുതല്‍ 1,700 വരെയുള്ള കാലഘട്ടത്തിലുള്ളതാണിവയെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. യുദ്ധവീരന്‍മാര്‍, സതിയനുഷ്ഠിച്ച സ്ത്രീകള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ളതാണ് ഇവ. ഏകദേശം 100 ലധികം കല്ലുകളാണ് ഇത്തരത്തില്‍ അട്ടപ്പാടിയിലെ കാടുകളില്‍ സംരക്ഷണമില്ലാതെ കിടക്കുന്നത്.
ഇവയുടെ കാലപ്പഴക്കം, ചരിത്രപ്രാധാന്യം എന്നിവ സംബന്ധിച്ച് 1970ല്‍ പുരാവസ്തുവകുപ്പ് മേഖലയില്‍ പഠനംനടത്താന്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കയായിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് യാതൊരു പഠനവും നടന്നിട്ടില്ല. നിലവില്‍ വീരക്കല്ലുകളില്‍ പലതും ഭാഗികമായി തകര്‍ന്ന നിലയിലാണ്.
കണ്ടെത്തിയത് പുലച്ചിക്കല്ല് മുതല്‍ സതിക്കല്ല് വരെ അട്ടപ്പാടിയിലെ പല ഭാഗത്തുനിന്നും കണ്ടെത്തിയ കല്ലുകളില്‍ യുദ്ധവീരന്മാരുമായി ബന്ധപ്പെട്ട പുലച്ചിക്കല്ലുകളാണ് അധികവും. കുതിരപ്പുറത്ത് സഞ്ചരിക്കുന്ന യോദ്ധാവ്, അമ്പുംവില്ലും, സൂര്യചന്ദ്രന്‍മാര്‍ എന്നിവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തവയാണിവ. കൂടാതെ നാടുവാഴികളുടെ ചിത്രങ്ങള്‍പതിച്ച കല്ലുകളും ഇതില്‍പ്പെടുന്നു. സതിയനുഷ്ഠിച്ച സ്ത്രീകളെ ധീരവനിതകളായി ചിത്രീകരിച്ചുള്ളവയാണു സതിക്കല്ല്. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന അട്ടപ്പാടി, ചിറ്റൂര്‍ മേഖലകളിലാണ് ഇത്തരത്തിലുള്ള കല്ലുകള്‍ ഏറെ കാണപ്പെടുന്നതെന്നും ഇവയെപ്പറ്റി വിശദമായ പഠനം വേണമെന്നും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top