പുന്നേക്കാട്ട് പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

മാള: അന്നമനട പഞ്ചായത്തിലെ വെണ്ണൂര്‍ വൈന്തല തോടിനു കുറുകെയുള്ള പുന്നേക്കാട്ട് പാലം ശാസ്ത്രീയമായി പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. നിലവിലുള്ള പാലത്തിന് പകരം സമീപം മറ്റൊന്ന് നിര്‍മ്മിക്കണമെന്നാണ് വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നത്.
കാലപഴക്കം ചെന്ന കലുങ്ക് പാലം പുനര്‍നിര്‍മാണം നടത്തുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. പാലത്തിന്റെ കൈവരികള്‍ തുരുമ്പെടുത്ത് വേര്‍പെട്ടിരിക്കുകയാണ്. ഒരേ സമയം രണ്ട് വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ കഴിയില്ല. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെനൂറുകണക്കിന് വാഹനങ്ങളാണീ റോഡിലൂടെ കടന്നു പോകുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാലം പുനര്‍നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും പാഴ് വാക്കായി മാറിയിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്ന പ്രദേശമാണിത്.
നേരത്തേ തോട് നവീകരണം നടത്തിയിരുന്നു. ഇത് പക്ഷെ പാതി വഴിയില്‍ നിലച്ചതായി ആക്ഷേപമുണ്ട്. ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങള്‍ ഇവിടെ തരിശായി കിടപ്പുണ്ട്. പാലം ഉയരം കൂട്ടിയാല്‍ തോട് നവീകരണം നന്നായി നടത്തുവാന്‍ കഴിയും.
അന്നമനട  കാടുകുറ്റി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്നത് പാലത്തിനു സമീപമാണ്.

RELATED STORIES

Share it
Top