പുന്നാട്ട് ബോംബേറ്; സിപിഎം കൊടിമരം തകര്‍ത്തു

ഇരിട്ടി: ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആര്‍എസ്എസ്-ബിജെപി സംഘം സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചതായും സിപിഎം പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായും പരാതി. ഞായറാഴ്ച രാത്രി പുന്നാട് അത്തപ്പുഞ്ചയിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ പയോടിക്കല്‍ ഷാജിയുടെ പരാതിയില്‍ പ്രദേശത്തെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ അപ്പു എന്ന നിവേദ് (20), സുമേഷ് (32), വിഷ്ണു (28), വിനീഷ് (29), ശങ്കു എന്ന വിജില്‍ (30) എന്നിവര്‍ക്കെതിരേ ഇരിട്ടി പോലിസ് കേസെടുത്തു. സ്‌ഫോടനം നടന്ന പ്രദേശത്തുള്‍പ്പെടെ ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി. പ്രദേശത്ത് പോലിസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ പുന്നാട്, അത്തപ്പുഞ്ച മേഖലയിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കാനും പൊതുസ്ഥലത്തും പാതയോരത്തും സ്ഥാപിച്ച കൊടികളും പ്രചാരണ ബോര്‍ഡുകളും നീക്കം ചെയ്യാനും തീരുമാനമായി. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top