പുന്നപ്രക്ക് തീരാനഷ്ടമായി നസീറിന്റെ വിയോഗം

താഹിര്‍  എം എം
ആലപ്പുഴ: ഏത് ആവശ്യത്തിനും ഒറ്റ വിളിയില്‍ ഓടിയെത്തിയിരുന്ന പുന്നപ്രക്കാരുടെ ജനകീയ ജനപ്രതിനിധി നസീര്‍ ഇനി ഓര്‍മകളില്‍ മാത്രം. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെംബറും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവും തേജസ് ദിനപത്രം ഏജന്റുമായ നസീര്‍ പള്ളിവെളി (32)യുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്നു നാട്ടുകാരും സഹപ്രവര്‍ത്തകരും ഇനിയും മുക്തരായിട്ടില്ല.
കഴിഞ്ഞ ദിവസം കരുവാറ്റക്ക് സമീപം മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് നസീര്‍ മരിച്ചത്. കന്നിയങ്കത്തില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെയെല്ലാം പിന്തള്ളി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നിന്നു വന്‍ ഭൂരിപക്ഷത്തില്‍ വിജയം കൊയ്യാനായത് നസീറിന്റെ ജനകീയതക്ക് ഉത്തമ ഉദാഹരണമായിരുന്നു. വാര്‍ഡിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നു പണം കണ്ടെത്തുകയും പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന വേതനം പൂര്‍ണമായി ജനസേവനത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്ന നസീര്‍, ജോലി ചെയ്തു കിട്ടുന്ന കൂലിയില്‍ നിന്നു നല്ലൊരു ഭാഗവും നിര്‍ധനര്‍ക്കു വേണ്ടി മാറ്റിവയ്ക്കുമായിരുന്നു.
അപകടങ്ങളിലും ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ നസീര്‍ ഉണ്ടാവുമായിരുന്നു. ബുധനാഴ്ച രാവിലെ വാര്‍ഡിലെ വൈദ്യുതി പോസ്റ്റ് മാറുന്നതിനു ജീവനക്കാരെ വരുത്തി എല്ലാ സഹായവും ചെയ്തതിനു ശേഷമാണ് കരുവാറ്റയില്‍ മരം മുറിക്കുന്നതിനായി പോയത്. എന്നും പ്രഭാത നമസ്‌കാരത്തിനു ശേഷം പത്രവിതരണം നടത്തുകയും ശേഷം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി രോഗികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതും ജീവിതചര്യയാക്കി മാറ്റിയ അദ്ദേഹം ആശുപത്രിയിലെ സഹായികളില്ലാത്തവര്‍ക്ക് കൂട്ടിരിപ്പുകാരനുമായിരുന്നു. വണ്ടാനം ഷറഫുല്‍ ഇസ്‌ലാം പള്ളി പരിപാലന സമിതി അംഗമായ നസീറിനെപ്പറ്റി ജമാഅത്ത് അംഗങ്ങള്‍ക്കും നല്ലതേ പറയാനുള്ളൂ. സഹായി എന്നര്‍ഥം വരുന്ന പേര് അന്വര്‍ഥമാക്കിയ ജനസഹായി എന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി നസീറിനെപ്പറ്റി ഫേസ്ബുക്കില്‍ കുറിച്ചത്.
പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം ഇ എം അബ്ദുര്‍റഹ്മാന്‍, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി സി പി ബഷീര്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, റോയി അറക്കല്‍, സെക്രട്ടറി കെ എസ് ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് നൈന, സെക്രട്ടറി ഷിറാസ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി എം ഫഹദ്, ജനറല്‍ സെക്രട്ടറി എം സാലിം, മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം നസീര്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എച്ച് സലാം, യൂത്ത്‌ലീഗ് നേതാവ് വി എ ഗഫൂര്‍, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷീജ, പഞ്ചായത്ത് ബ്ലോക്ക് ജനപ്രതിനിധികള്‍, മത-രാഷ്ട്രീയ-വ്യാപാരരംഗത്തെ പ്രമുഖര്‍ അനുശോചനമറിയിക്കാന്‍ എത്തിയിരുന്നു.

RELATED STORIES

Share it
Top