പുനര്‍നിര്‍മിക്കേണ്ട പാലങ്ങളുടെ റിപോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പുനര്‍നിര്‍മിക്കേണ്ട 158 പാലങ്ങള്‍ അടിയന്തരമായി പരിശോധിച്ച് സ്‌ട്രെക്ചറല്‍ ഡിസൈന്‍ പൂര്‍ത്തിയാക്കി വിശദമായ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രി ജി സുധാകരന്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ചെറിയ കലുങ്കുകള്‍ ഒഴികെ സംസ്ഥാനത്തെ 2249 പാലങ്ങളുടെ പരിശോധന പൂര്‍ത്തീകരിച്ചതില്‍ 603 പാലങ്ങള്‍ക്ക് യാതൊരു കുഴപ്പമില്ലെന്നും 1281 പാലങ്ങള്‍ക്ക് സാധാരണ അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നും 365 പാലങ്ങള്‍ക്ക് വിശദമായ സാങ്കേതിക പരിശോധന ആവശ്യമാണെന്നും കണ്ടെത്തി.
വിദഗ്ധ പരിശോധന ആവശ്യമാണെന്ന് കണ്ടെത്തിയ 365 പാലങ്ങള്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപകടാവസ്ഥയിലായ 158 പാലങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന് ബോധ്യമായത്. ഇതിനുപുറമെ, 222 പാലങ്ങള്‍ പുനരുദ്ധാരണം നടത്തി ബലപ്പെടുത്തണമെന്നും കണ്ടെത്തി. നൂറുവര്‍ഷത്തിലധികം കാലപ്പഴക്കമുളള 10 പാലങ്ങളുണ്ടെന്നും 60 വര്‍ഷങ്ങള്‍ക്ക് മുമ്പു നിര്‍മിച്ച 128 പാലങ്ങളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.
2017-18 സാമ്പത്തികവര്‍ഷം 37 പാലങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേക ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ഇതില്‍ 2270 ലക്ഷം രൂപ ചെലവ് വരുന്ന ആറ് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 1715 ലക്ഷം രൂപ ചെലവ് വരുന്ന രണ്ടു പാലങ്ങളുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 12 പാലങ്ങള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 4731 ലക്ഷം രൂപയ്ക്കും 19 പാലങ്ങള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 70263 കോടി രൂപയ്ക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്.
പുനര്‍നിര്‍മാണം നടത്തേണ്ട പാലങ്ങള്‍ക്ക് ഫണ്ട് യഥേഷ്ടം അനുവദിക്കുമെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പുനര്‍നിര്‍മിക്കേണ്ട ബാക്കി പാലങ്ങളുടെ ഇന്‍വെസ്റ്റിഗേഷനും ഡിസൈനും പൂര്‍ത്തീകരിച്ച് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
പാലങ്ങളുടെ ബലക്ഷയം തീര്‍ത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും പാലങ്ങള്‍ക്ക് മാത്രമായി ഒരു ചീഫ് എന്‍ജിനീയര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2017 ജനുവരി 10ന് ഏനാത്ത് പാലത്തിന്റെ ബലക്ഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എല്ലാ പാലങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളും കാലപ്പഴക്കവും ഉറപ്പും അപകടസ്ഥിതിയും സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തി റിപോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചത്.

RELATED STORIES

Share it
Top