പുനര്‍നിര്‍മാണം നടത്തി നാലു മാസം ആകും മുമ്പേ റോഡ് തകര്‍ന്നു

പൊന്‍കുന്നം: പുനര്‍നിര്‍മാണം നടത്തി നാലുമാസമാകുന്നതിന് മുമ്പേ റോഡ് തകര്‍ന്നു. ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ പോലും കഴിയാത്ത റോഡിന്റെ അവസ്ഥയില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
പൗവത്തുകവല-മൂലേപ്ലാവ് റോഡിനാണ് ഈ ദുരവസ്ഥ. റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി കുഴി രൂപപ്പെട്ടു തുടങ്ങി.
മൂന്നാഴ്ച മുമ്പ് മഴവെള്ളം കെട്ടിക്കിടന്ന കുഴികളിലെ വെള്ളം കോരിക്കളഞ്ഞ് കുഴികളടച്ചു. അടച്ച കുഴികള്‍ തുറന്നതിനു പുറമേ വീണ്ടും കുഴികള്‍ രൂപപ്പെട്ടു. പല ഭാഗങ്ങളിലും റോഡരികിലെ ടാറിങും ഇളകിത്തുടങ്ങി. ടാറിങ് നടത്തിയ കോണ്‍ട്രാക്ടര്‍ ഒരു വര്‍ഷം മാത്രമാണ് അറ്റകുറ്റപ്പണികള്‍ നടത്തുക. ടാറിങ് സമയത്ത് പൊതുമരാമത്ത് അധികൃതര്‍ വേണ്ടവിധം മേല്‍നോട്ടം നടത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്.
ടാറിങിനു ശേഷം റോഡും റോഡരികും ഒരേ നിരപ്പാക്കണ്ടത് കറാറുകാരന്റെ ചുമതലയാണ്. ഇതു പല സ്ഥലത്തും നടപ്പാക്കിയിട്ടില്ല. പേരിനു മാത്രം ചില സ്ഥലങ്ങളില്‍ മെറ്റലും മണ്ണും നീക്കിയിട്ടതല്ലാതെ ഭുരിഭാഗവും രണ്ടു തട്ടായാണ് കിടക്കുന്നത്. ഇതാണ് റോഡരികു തകരാന്‍ കാരണം. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ മാത്രം നടത്തുന്ന റോഡ് ഇത്തവണ പൂര്‍ണമായും ടാറിങ് നടത്തി. 4.200 കിലോമീറ്റര്‍ ടാറിങിനായി 50 ലക്ഷം രൂപയാണു പൊതുമരാമത്ത് അനുദിച്ചത്. 2018 മാര്‍ച്ചിലാണ് ടാറിങ് നടത്തിയത്. ടാറിങിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ട്രാക്ടറുടെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
റോഡ് എട്ടു മീറ്റര്‍ വീതിയിലാക്കുന്നതിന്റെ ഭാഗമായി ഇരു വശങ്ങളിലും മണ്ണെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് മൂന്നാഴ്ചയോളം പ്രദേശത്തേക്ക് അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല. വേനല്‍ സമയമായിരുന്നതിനാല്‍  വാഹനങ്ങള്‍ കടന്നുപോകുമ്പോഴും, ചെറിയ കാറ്റുവീശുമ്പോഴും റോഡരികിലുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപത്തുള്ള വീടുകളിലേക്കും പൊടിപറന്നു കയറുന്നതായി പരാതി ഉയര്‍ന്നിരുന്നു.

RELATED STORIES

Share it
Top