പുനര്‍ജനി സംസ്ഥാനത്തിന് മാതൃകാപരമായ പദ്ധതി: മന്ത്രി

തിരുവനന്തപുരം: പുനര്‍ജനി പദ്ധതി സംസ്ഥാനത്തിന് മാതൃകാപരമായ പദ്ധതി ആണെന്ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഉള്ള നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്)ടെക്നിക്കല്‍ സെല്ലിന്റെ സംസ്ഥാനതല പുനര്‍ജനി മെഗാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാതെ വരുന്നതുകൊണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രത്യേകിച്ച് സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്ന അവസ്ഥ വോളന്റിയര്‍മാരുടെ സന്നദ്ധ സേവനത്തിലൂടെ ഇല്ലാതാക്കാന്‍ രൂപകല്‍പ്പന ചെയ്ത നൂതന പദ്ധതിയാണ് പുനര്‍ജനി. ആശുപത്രികളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങള്‍, ഓപറേഷന്‍ ടേബിളുകള്‍, നെബുലൈസറുകള്‍, ബിപി അപ്പാരറ്റസ്, കട്ടിലുകള്‍, മേശകള്‍, ഡ്രിപ്പ് സ്റ്റാന്റുകള്‍, ട്രോളികള്‍, വീല്‍ ചെയറുകള്‍, വൈദ്യുത ജലവിതരണ സംവിധാനങ്ങള്‍, തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങിയുള്ള വര്‍ക്കുകള്‍ ആണ്  ഈ പദ്ധതിയിലൂടെ ചെയ്തു വരുന്നത്. യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിനായി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വരുന്ന യുവജനങ്ങളെ രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയാക്കുക, സാമൂഹിക സേവനത്തിലൂടെ സ്വയം വളരുവാന്‍ അവര്‍ക്ക് അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍ ഈ പദ്ധതി നടപ്പാക്കുന്നത്. പ്രവര്‍ത്തനത്തിനായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് സാമ്പത്തിക സഹായമായി ഒരു കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു.
ഇന്നലെ തുടങ്ങിയ ക്യാംപ് 17നു സമാപിക്കും.  10 കോടി രൂപയുടെ മൂല്യമുള്ള പുനരുദ്ധാരണപ്രവര്‍ത്തനം ആണു നടത്താന്‍ ലക്ഷ്യമിടുന്നത്.

RELATED STORIES

Share it
Top