പുനരധിവാസ ഫഌറ്റിന് മുകളില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം വിവാദത്തില്‍കൊടുങ്ങല്ലൂര്‍: കാവില്‍ക്കടവില്‍ നഗരസഭയുടെ പുനരധിവാസ ഫഌറ്റിന് മുകളില്‍ നിന്ന് വീണ് നാല് വയസുകാരന് പരിക്കേറ്റ സംഭവം വിവാദമാവുന്നു. നിര്‍മാണം പൂര്‍ത്തിയാവാത്ത ഫഌറ്റിന്റെ മൂന്നാം നിലയില്‍ നിന്നു വീണാണ് തൈപ്പറമ്പില്‍ സിയാദിന്റെ മകന്‍ റിസാലിന് ഗുരുതരമായി പരിക്കേറ്റത്. ഇനിയും ഔദ്യോഗികമായി തുറന്നു കൊടുത്തിട്ടില്ലാത്ത ഫഌറ്റില്‍ ആറ് കുടുംബങ്ങള്‍ സ്വമേധയാ താമസിക്കുന്നുണ്ട്. കാവില്‍ക്കടവ് ലാന്റിങ് പ്ലേസില്‍ വര്‍ഷങ്ങളായി കുടില്‍കെട്ടി താമസിച്ചു വന്നിരുന്ന 12 കുടുംബങ്ങള്‍ക്കായാണ് ഫഌറ്റ് നിര്‍മിച്ചത്. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്താണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ പദ്ധതി ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തീകരിക്കാനായില്ല. ഇതേതുടര്‍ന്ന് ഗുണഭോക്താക്കള്‍ സമരമാരംഭിച്ചു. പലവട്ടം നഗരസഭാ ചെയര്‍പേഴ്‌സന്റെ ഓഫിസ് ഉപരോധിച്ച സമരക്കാരുമായി നഗരസഭാ അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പുണ്ടായെങ്കിലും സാങ്കേതിക തടസത്തെതുടര്‍ന്ന് ഫഌറ്റ് നിര്‍മാണം പൂര്‍ത്തീകരിക്കാനായില്ല. ഫഌറ്റ് നിര്‍മാണം പൂര്‍ത്തിയാകും വരെ 12 കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്‍കുമെന്ന ധാരണയുണ്ടാക്കിയിരുന്നുവെങ്കിലും ഓഡിറ്റ് തടസത്തെതുടര്‍ന്ന് ധാരണ നടപ്പായില്ല. പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിലെത്തിയപ്പോള്‍ ലാന്റിങ് പ്ലേസിലെ താമസക്കാര്‍ക്ക് മറ്റൊരിടത്ത് മൂന്ന് സെന്റ് സ്ഥലവും വീട് പണിയാന്‍ സഹായധനവും നല്‍കാമെന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കുകയുണ്ടായി. തുടക്കത്തില്‍ ഗുണഭോക്താക്കള്‍ അനുകൂലമായി പ്രതികരിച്ചുവെങ്കിലും പിന്നീട് ചര്‍ച്ചയില്‍ നിന്നു പിന്‍മാറി. തുടര്‍ന്നാണ് ആറ് കുടുംബങ്ങള്‍ ഫഌറ്റില്‍ താമസമാരംഭിച്ചത്. ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷം ബഹളമുണ്ടാക്കി. തുടര്‍ന്ന് കുട്ടിയുടെ ആശുപത്രി ചെലവ് നഗരസഭ വഹിക്കുമെന്ന് ചെയര്‍മാന്‍ സി സി വിപിന്‍ചന്ദ്രന്‍ അറിയിച്ചു. നഗരസഭയുടെ കഴിവുകേടാണ് സംഭവം വരുത്തിവെച്ചതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ആരോപിച്ചത്. കുട്ടിയുടെ ആശുപത്രി ചെലവ് നഗരസഭ വഹിക്കണമെന്ന് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ പാര്‍ലമെന്ററി പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top