പുനപ്പരിശോധനാ ഹരജി നല്‍കും: കോണ്‍ഗ്രസ്

തൊടുപുഴ: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖേനയാണ് പുനപ്പരിശോധനാ ഹരജി നല്‍കുക. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപില്‍ സിബല്‍ എന്നിവരുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയെ ചുമതലപ്പെടുത്തി. ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പ് നിലപാടാണുള്ളത്. വേട്ടപ്പട്ടികള്‍ക്കൊപ്പം ഓടുകയും ഇരകള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ രീതി. വിധി വന്ന് ഒമ്പതു ദിവസത്തിനു ശേഷവും പുനപ്പരിശോധനാ ഹ രജി നല്‍കുന്ന കാര്യംപോലും ബിജെപി ആലോചിക്കുന്നില്ല. വലിയ നിയമജ്ഞനാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്. പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകക്ഷി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. എല്ലാ തരത്തിലും അന്തരീക്ഷം വഷളാക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. വ്യക്തിയുടെ പ്രശ്‌നമായിട്ടുപോലും സെ ന്‍കുമാര്‍ വിഷയത്തില്‍ പുനപ്പരിശോധനാ ഹരജി കൊടുത്ത പാരമ്പര്യം സിപിഎമ്മിനുണ്ട്. രാഷ്ട്രീയ മുതലെടുപ്പാണ് ഇരുകൂട്ടരുടെയും ലക്ഷ്യം.
വിശ്വാസികള്‍ക്ക് ഒപ്പം നിലകൊള്ളുമ്പോള്‍ ഉണ്ടാവുന്ന ആഘാത പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ്സിനു പ്രശ്‌നമല്ല. സിപിഎമ്മിന് സുപ്രിംകോടതി വിധികളോട് ഇത്ര ബഹുമാനം എന്നാണ് ഉണ്ടായത്. നിരവധി കോടതിവിധികള്‍ നടപ്പാക്കാതെ സര്‍ക്കാരിന്റെ മേശയ്ക്കുള്ളിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനും ഏറ്റുമുട്ടലുകള്‍ക്കും പൂര്‍ണ ഉത്തരവാദിത്തം സിപിഎം സര്‍ക്കാരിനായിരിക്കും. ശബരിമലയില്‍ എത്തുന്നവരെ തടയാന്‍ കോണ്‍ഗ്രസ് ഇല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം പിന്‍വലിച്ചാണ് ഈ സര്‍ക്കാര്‍ സുപ്രിംകോടതിക്ക് സത്യവാങ്മൂലം നല്‍കിയത്. പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് പ്രതികൂല വിധിക്ക് കാരണമായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

RELATED STORIES

Share it
Top