പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്: പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി പണി പൂര്‍ത്തിയാക്കാന്‍ തീരുമാനം

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2019 ല്‍ തുറക്കണമെങ്കില്‍ കലണ്ടര്‍ തയ്യാറാക്കി പ്രവര്‍ത്തനം സമയബന്ധിതമായി നിര്‍വഹിക്കണമെന്ന് കെ രാജന്‍ എം എല്‍ ആ ആവശ്യപ്പെട്ടു. പാര്‍ക്കിന് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് എം എല്‍എ ആവശ്യം ഉന്നയിച്ചത്.
വെള്ളത്തിന്റെ ലഭ്യതയും ആവശ്യകതയും സംബന്ധിച്ച് ചെന്നൈ വാഡിയ ടെക്‌നൊ എഞ്ചിനീയറിങ്ങ് സര്‍വ്വീസസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 8.9 ലക്ഷം ലിറ്റര്‍ വെളളമാണ് പ്രതിദിന ഉപയോഗത്തിന് വേണ്ടത്. ഇതില്‍ 60 ശതമാനം വെളളം പുനരുപയോഗിക്കാം. അതിനാല്‍ ശുദ്ധീകരണ പ്ലാന്റിന്റെ പണിപൂര്‍ത്തിയായാല്‍ പ്രതിദിനം 3.71 ലക്ഷം ലിറ്റര്‍ വെളളം കണ്ടെത്തിയാല്‍ മതിയാകും. പുത്തൂര്‍ ഭൂഗര്‍ഭജല വിതാനം വളരെ താഴ്ന്ന മേഖലയായതിനാല്‍ വെള്ളം സംഭരിച്ച് വെക്കേണ്ടതുണ്ട്. അതിന് സമീപപ്രദേശങ്ങളിലെ ഖനനം നിര്‍ത്തിയ കരിങ്കല്‍ ക്വാറികള്‍ ഉപയോഗിക്കാമെന്നാണ് പഠന റിപ്പോര്‍ട്ട്. പുത്തൂര്‍ പഞ്ചായത്തിന്റെ കൈന്നൂര്‍ ചെമ്പൂര്‍ റോഡിലെ കിണറും കാല്‍ഡിയന്‍ സിറിയന്‍ പള്ളിയുടെ കൈനൂരുളള ക്വാറിയുള്‍പ്പടെ 16 ക്വാറികള്‍ ജലസംഭരണികളായി കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ മൃഗശാലയ്ക്കായി മണലിപ്പുഴയില്‍ നിന്ന് വെളളം പുത്തൂരിലേക്ക് തിരിച്ചുവിടുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിന്റെ സാധ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടു. ക്വാറികളില്‍ സംഭരിക്കാവുന്ന വെള്ളത്തിന്റെ കണക്കെടുക്കുന്നത് ഉടന്‍ ആരംഭിക്കും.
ക്വാറികള്‍ ജലസേചന വകുപ്പ് ഏറ്റെടുത്തു കഴിഞ്ഞാല്‍ മഴവെളളം കൂടി ക്വാറികളില്‍ സംഭരിക്കുന്നതിന് നടപടി ആരംഭിക്കും. എന്നാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി വെളളം കരുതുന്നതിന് പുത്തൂര്‍ കായലില്‍ പമ്പ് ഹൗസ് സ്ഥാപിക്കുന്നതിന് പുത്തൂര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. മണലിപ്പുഴയില്‍ നിന്ന് വെള്ളമെടുക്കുന്നതിന് അനുയോജ്യമായ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാതെ വെള്ളമെത്തിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്ഥലം ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത സര്‍വെ പുരോഗമിക്കുകയാണ്. പുതിയതായി കണ്ടെത്തിയ ക്വാറികള്‍ ഏറ്റെടക്കുന്നതിന് സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ഏ കൗശിഗന്‍ പറഞ്ഞു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി ജി ഷാജി, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍മാരായ കെ ജെ വര്‍ഗ്ഗീസ്, കെ എസ് ദീപ, തൃശൂര്‍ ഡി എഫ് ഒ പാട്ടീല്‍ സുയോഗ് എസ്, എ സി എഫ് വിജു വര്‍ഗ്ഗീസ് യോഗത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top