പുത്തൂര്‍ പള്ളിക്കലില്‍ രണ്ടിടങ്ങളില്‍ മോഷണശ്രമം

പള്ളിക്കല്‍: പുത്തൂര്‍ പള്ളിക്കലില്‍ ഒന്നിടവിട്ട  ദിവസങ്ങളിലായി രണ്ട് വീടുകളില്‍ മോഷണ ശ്രമം നടന്നു. വീടിന്റെ വാതില്‍ തകര്‍ത്തതാണു മോഷണ ശ്രമം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴച അര്‍ധ രാത്രി പുത്തൂര്‍ പള്ളിക്കലില്‍  വഴക്കാറത്ത് അബ്ദുല്‍ മജീദിന്റെ വീടിന്റെ മുകള്‍ നിലയിലെ വാതിലിന്റെ ലോക്ക് മോഷ്ട്ടാക്കള്‍ തകര്‍ത്തെങ്കിലും ഉള്‍ഭാഗത്തെ സുരക്ഷാ ബോള്‍ട്ട്  തകര്‍ക്കാനാവാത്തതിനാല്‍ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇവിടെ മുന്‍ ഭാഗത്തെ വാതിലും തകര്‍ക്കാന്‍ ശ്രമിച്ച പാടുകളുണ്ട്.
സംഭവ ദിവസം ഈ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടനെ തേഞ്ഞിപ്പലം പോലിസില്‍ പരാതി നല്‍കിയതിനാല്‍ പോലിസ് സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു തിരിച്ചുപോയി.
ഈ പരാതി നില നില്‍ക്കെയാണ് കഴിഞ്ഞ ദിവസം ഇവിടെ നിന്നും നൂറോളം മീറ്ററകലെ പുത്തൂര്‍ പള്ളിക്കല്‍ കരുകണ്ടി വീട്ടില്‍ പി കെ ബഷീറിന്റെ വീടിന്റെ  മുന്‍വശത്തെ വാതില്‍ തകര്‍ത്തു കവര്‍ച്ചാ ശ്രമം നടന്നു. സംഭവ ദിവസം വീട്ടില്‍ ആളില്ലായിരുന്നു. ഇന്നലെ രാവിലെ സമീപത്തുള്ള ബഷീറിന്റെ സഹോദരന്റെ വീട്ടില്‍ നിന്നും ഇവിടേക്ക് പാല്‍ എടുക്കാന്‍ ആളെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ മോഷണ ശ്രമം കണ്ടെത്തിയത്. വീടിനുള്ളിലെ അഞ്ച് റൂമുകളിലെ അലമാരകളിലെ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. പണമോ സ്വര്‍ണമോ വീട്ടില്‍ ഉണ്ടായിരുന്നില്ലായെന്നും മറ്റു വില പിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.
മുന്‍വശത്തെ വാതിലിന്റെ അടിഭാഗത്തെ രണ്ടടിയോളം ഉയരത്തിലുള്ള പലക തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. തേഞ്ഞിപ്പലം പോലിസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നു.

RELATED STORIES

Share it
Top