പുത്തന്‍ തലമുറ സഹകരണ ബാങ്കുകളിലെത്തുന്നില്ല: മന്ത്രി

ചിറ്റൂര്‍: പുത്തന്‍ തലമുറ സഹകരണ ബാങ്കുകളിലെത്തുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏറ്റവുമധികമായി ബാങ്കിങ് ഇടപാടു നടത്തുന്ന പുത്തന്‍ തലമുറക്കാരില്‍ 23 ശതമാനം മാത്രമേ സഹകരണ ബാങ്കുകളില്‍ എത്തുന്നുള്ളു അതുകൊണ്ടു തന്നെ വര്‍ത്തമാനകാലഘട്ടത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ കേരള ബാങ്ക് ആവശ്യമായി മാറിയിരിക്കയാണെന്നും സഹകരണമന്ത്രി പറഞ്ഞു. നല്ലേപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ നവികരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
പുത്തന്‍ തലമുറ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജീനത്തില്‍ വന്‍ തുക ഈടാക്കുന്നത് തിരിച്ചറിഞ്ഞിട്ടും വിരല്‍തുമ്പില്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നതാണ് പുതുതലമുറക്കാര്‍ സഹകരണ ബാങ്കുകളില്‍ നിന്ന് അകലുന്നത്.  ഇത് മറികടന്ന് സഹകരണ പ്രസ്ഥാനങ്ങളെ  ശക്തിപെടുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതുമൂലം വിദേശനിക്ഷേപം സ്വീകരിക്കാനും പ്രാപ്തമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മേഖലകളിലെന്നപോലെ തന്നെ സഹകരണ മേഖലയിലും മുന്‍പന്തിയിലാണ്.
ജിഎസ്ടിയുടെ വരവോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ തകര്‍ത്തെങ്കിലും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ മേല്‍  തന്നെയായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ ദൃഷ്ടിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.  ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷം സഹകരണമേഖലയിലെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ഡി ജയപാലന്‍ അധ്യക്ഷത വഹിച്ചു.
കോര്‍ ബാങ്കിങ് ഉദ്ഘാടനം കെ കൃഷ്ണന്‍കുട്ടി എംഎല്‍എ നടത്തി. മൊബൈല്‍ പാസ് ബുക്ക് ഉദ്ഘാടനം നെന്മാറ എംഎല്‍എ കെ ബാബു  നിര്‍വഹിച്ചു. നിക്ഷേപ സ്വീകരണം മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സിപിഎം ചിറ്റൂര്‍ ഏരിയാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, സിപിഐ മണ്ഡലം സെക്രട്ടറി കെ ഹരി പ്രകാശ്, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് പി ശാര്‍ങാധരന്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം കെ ബാബു, എ സുനില്‍കുമാര്‍ , വി ബിനു, എന്‍ ഷിബു എന്‍ വി ഹക്കിം, സി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top