പുതുവൈപ്പ് പിഎച്ച്‌സിയില്‍ ഫാന്‍ വീണ് ഡോക്ടര്‍ക്ക് പരിക്ക്

വൈപ്പിന്‍: പുതുവൈപ്പ് ലൈറ്റ്ഹൗസിനു സമീപത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വ്യാഴാഴ്ച രാവിലെ രോഗികളെ നോക്കിക്കൊണ്ടിരുന്ന ഡോക്ടറുടെ മേല്‍ ഫാന്‍ തകര്‍ന്നു വീണു. പിഎച്ച്‌സിയിലെ ഡോ. എന്‍ എസ് കിഷോറിനാണ് നേരിയ പരിക്കേറ്റത്.
കാലപ്പഴക്കംകൊണ്ട് സീലിങ്ങില്‍ നിന്ന് ഫാന്‍ ബന്ധം വേര്‍പെട്ട് അടര്‍ന്നു വീഴുകയായിരുന്നു. ചികിത്സയ്‌ക്കെത്തിയ നിരവധി രോഗികള്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. എന്നാല്‍ തനിക്കൊന്നും പറ്റിയിട്ടില്ലെന്നും രോഗികളെ നോക്കിയ ശേഷം ചികിത്സ തേടിയാല്‍ മതിയെന്നും പറഞ്ഞ് ഡോക്ടര്‍ രോഗികളെ നോക്കാന്‍ തുടങ്ങി. ഇതിനിടെ വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണനും മറ്റു സഹപ്രവര്‍ത്തകരുടെയും നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിനു മുമ്പും ആശുപത്രിയിലെ മറ്റൊരു മുറിയില്‍ ഫാന്‍ പൊട്ടി വീണിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ശോച്യവസ്ഥയിലായ ആശുപത്രി കെട്ടിടം പലസ്ഥലത്തും പൊട്ടി പൊളിഞ്ഞ നിലയിലാണ്.
മഴപെയ്താല്‍ ആശുപത്രിക്കുള്ളില്‍ വെള്ളം വീഴുന്ന സ്ഥിയാണുള്ളത്. കൂടാതെ ആശുപത്രി വളപ്പ് കാടുകയറിയ നിലയിലാണ്. തീരദേശവാസികളുടെ ആശ്രയമായ ആശുപത്രി അറ്റകുറ്റപണികള്‍ നടത്തുന്നതിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

RELATED STORIES

Share it
Top