പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ പദ്ധതിയുമായി മുന്നോട്ടു പോവും: ഐഒസി

കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ പദ്ധതിയുമായി മുന്നോട്ടു പോവുമെന്നും പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോവാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ജനറല്‍ മാനേജരും കേരള ചീഫുമായ പി എസ് മണി.
സംസ്ഥാനസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ പുതുവൈപ്പ് പദ്ധതിക്കുണ്ട്. സര്‍ക്കാരുമായുള്ള എല്ലാ ചര്‍ച്ചകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. കഴിഞ്ഞദിവസവും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. പ്രളയത്തെ തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിലച്ചുവെങ്കിലും നടപടികള്‍ ഇനി വേഗത്തിലാക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. നിയമപരമായ തീരുമാനങ്ങളെല്ലാം ഐഒസിക്ക് അനുകൂലമാണ്. പുതുവൈപ്പ് പദ്ധതിക്കായി 350 കോടി രൂപയുടെ നിക്ഷേപം നടന്നുകഴിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നിക്ഷേപം വേണ്ടെന്നുവയ്ക്കാന്‍ കഴിയില്ല. എല്‍പിജി ഉപയോഗത്തില്‍ 10 ശതമാനത്തിന്റെ വര്‍ധന കേരളത്തിലും ദേശീയതലത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ ആവശ്യം നിറവേറ്റണമെങ്കില്‍ ഇത്തരം പദ്ധതികള്‍ വരേണ്ടതുണ്ട്.
പുതുവൈപ്പ് പദ്ധതി വന്നാല്‍ ആ പ്രദേശത്തിന് ഉണ്ടാവാന്‍ പോകുന്ന വികസനവും വലുതായിരിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ പദ്ധതിയിലൂടെ ലഭിക്കും. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങില്‍ കേരളം ഇനിയും മുന്നോട്ടുപോവേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മറികടന്ന് മുന്നേറും. പുതുവൈപ്പ് ടെര്‍മിനല്‍ അഭിമാനപദ്ധതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.RELATED STORIES

Share it
Top