പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ ഹരജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി

ചെന്നൈ: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരെ സമരസമിതി നല്‍കിയ ഹജരി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് എം എസ് നമ്പ്യാരുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും കരയിടിച്ചില്‍ തടയാന്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ പറഞ്ഞു.പുതുവൈപ്പിനിലെ തീരദേശമേഖലയ്ക്ക് വന്‍തോതില്‍ പരിസ്ഥിതിനാശം ഉണ്ടാക്കുന്ന പദ്ധതി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളായ മുരളി, രാധാകൃഷ്ണന്‍ എന്നിവരാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതകാനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പാരിസ്ഥിതികാനുമതിക്കായി പിന്നീട് തയ്യാറാക്കിയ തീരദേശഭൂപടപ്രകാരം വേലിയേറ്റ രേഖ ലംഘിച്ചില്ല എന്നാണ് ഐഒസിയുടെ അവകാശവാദം.
നേരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി ഹരിത ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു.പിന്നീട് ഐഒസി ഹൈക്കോടതിയെ സമീപിച്ച് പ്രവര്‍ത്തനാനുമതി നേടുകയായിരുന്നു.എന്നാല്‍ ജനകീയ സമരം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.

RELATED STORIES

Share it
Top