പുതുവൈപ്പില്‍ സമരക്കാര്‍ക്കു നേരെ നടന്ന പോലിസ് അതിക്രമത്തിനെതിരേ വ്യാപക പ്രതിഷേധംതിരുവനന്തപുരം/കൊച്ചി/കണ്ണൂര്‍: പുതുവൈപ്പില്‍ സമരക്കാര്‍ക്കു നേരെ നടന്ന പോലിസ് അതിക്രമത്തിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമായി. പോലിസ് നടപടിയെ ഭരണ-പ്രതിപക്ഷഭേദമെന്യേ വിവിധ കക്ഷിനേതാക്കള്‍ അപലപിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക സംഭരണ കേന്ദ്രത്തിനെതിരായ സമരത്തില്‍ പോലിസ് സ്വീകരിച്ച നടപടി തെറ്റാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമരത്തിനു പിന്നില്‍ തീവ്രവാദബന്ധം ആരോപിക്കുന്നത് ശരിയല്ല. സമരങ്ങള്‍ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ല. താന്‍ നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. പുതുവൈപ്പില്‍ നടന്നുകൊണ്ടിരിക്കുന്ന നരനായാട്ടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു. അതിക്രമം നടത്തിയ പോലിസ് ഉദ്യോഗസ്ഥനല്ല, സര്‍ക്കാരിനാണ് ഇതു ദോഷമുണ്ടാക്കുന്നത്. ഇടതുമുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് പോലിസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്നത്. സമരത്തിന് തീവ്രവാദബന്ധമുണ്ടെന്നു പറഞ്ഞ് തങ്ങളുടെ തെറ്റായ നടപടികളെ ന്യായീകരിക്കാനുള്ള ശ്രമമാണ് പോലിസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഒസി പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തദ്ദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ. സമരക്കാര്‍ക്കു നേരെയുണ്ടായ ലാത്തിച്ചാര്‍ജ് നീതീകരിക്കാന്‍ സാധിക്കില്ല. തോക്കും ലാത്തിയും ഉപയോഗിച്ച് ജനകീയസമരങ്ങള്‍ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പുതുവൈപ്പിലെ ജനങ്ങള്‍ നടത്തിവരുന്ന സമരം പോലിസിന്റെ അതിക്രൂരമായ ലാത്തിച്ചാര്‍ജിലൂടെ സ്‌ഫോടനാത്മകമായി മാറിയിരിക്കുകയാണെന്നും കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ വൈപ്പിലെ ജനപ്രതിനിധികള്‍ക്കു നല്‍കിയ ഉറപ്പുകള്‍ എന്തുകൊണ്ടാണ് പാലിക്കപ്പെടാതെ പോയതെന്ന് വ്യക്തമല്ല. ജനകീയസമരങ്ങളെ അടിച്ചമര്‍ത്തി ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാവില്ലെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സമരക്കാര്‍ക്കു നേരെയുണ്ടായ പോലിസ് നടപടി സര്‍ക്കാര്‍ നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top