പുതുവൈപ്പിനില്‍ വീണ്ടും പോലിസ് അതിക്രമംവൈപ്പിന്‍: പുതുവൈപ്പിനിലെ ഐഒസിയുടെ പദ്ധതിപ്രദേശത്ത് വീണ്ടും സംഘര്‍ഷം. പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ 50ഓളം പേര്‍ക്കു പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് വൈകിയും ഉപരോധസമരം തുടരുകയാണ്. പാചകവാതക സംഭരണിയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി ഇവിടെ സമരം നടന്നുവരുകയായിരുന്നു. നിര്‍മാണം പുനരാരംഭിക്കാന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചതിനെ തുടര്‍ന്ന് മേഖലയിലും പിന്നീട് നഗരത്തിലുമടക്കം സമരങ്ങള്‍ അരങ്ങേറി. കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന പോലിസ് അതിക്രമങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനുശേഷം ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍, അന്തിമവിധി വരുന്നതു വരെ നിര്‍മാണം നിര്‍ത്തിവയ്ക്കാമെന്നും പോലിസിനെ പദ്ധതിപ്രദേശത്തു നിന്ന് പിന്‍വലിക്കാമെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ക്രൂരമായി മര്‍ദിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്നുമുള്ള കാര്യങ്ങളില്‍ ധാരണയായിരുന്നു. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സമര സമിതി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ഇതില്‍ നിന്നു വിരുദ്ധമായി ഐഒസി ഇന്നലെ രാവിലെ പദ്ധതിപ്രദേശത്തേക്ക് തൊഴിലാളികളെ എത്തിക്കുകയും ജോലി പുനരാരംഭിക്കാന്‍ നീക്കം നടത്തുകയും ചെയ്തു. ഇതോടെ ജനങ്ങള്‍  വീണ്ടും പദ്ധതി പ്രദേശത്തിന്റെ കവാടത്തില്‍ തടിച്ചുകൂടി. സ്ഥലത്തുണ്ടായിരുന്ന പോലിസ് ഇവരെ തടഞ്ഞു. ഇതോടെ കൂടുതല്‍ സ്ത്രീകളും കുട്ടികളും രംഗത്തെത്തി. സമരക്കാരും പോലിസും ചെറിയരീതിയില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ സമരക്കാര്‍ ഉപരോധം ശക്തമാക്കി. സമരം തുടരുന്നതിനിടെ പദ്ധതി പ്രദേശത്തിന്റെ മതില്‍ക്കെട്ടില്‍ നിന്ന് കല്ലേറുണ്ടായതായി സമരക്കാര്‍ പറയുന്നു. ഇതോടെ കാര്യങ്ങള്‍ നിയന്ത്രണംവിടുകയും പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവരെ പോലിസ് തല്ലിച്ചതച്ചു. ലാത്തികൊണ്ട് സമരക്കാരെ കുത്തുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. ലാത്തിച്ചാര്‍ജില്‍ ചിലരുടെ തല പൊട്ടി ചോരയൊലിച്ചു. പലര്‍ക്കും നട്ടെല്ലിന് പരിക്കേറ്റതായും പറയുന്നു.  ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും  വിവിധ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ബാക്കിയുള്ള സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് കളമശ്ശേരി എആര്‍ ക്യാംപിലേക്കും സമീപത്തെ പോലിസ് സ്‌റ്റേഷനുകളിലേക്കും കൊണ്ടുപോയി. സംഭവത്തില്‍ പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം ഒത്തുകൂടിയ സമരക്കാര്‍ വീണ്ടും ഉപരോധ സമരം നടത്തി. വൈകുന്നേരത്തോടെ സമരക്കാരുടെ എണ്ണം വര്‍ധിച്ചു. പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ തീരദേശ ഹര്‍ത്താലും പ്രഖ്യാപിച്ചു. സമരക്കാര്‍ക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥലം സന്ദര്‍ശിച്ചു. സമാധാനത്തോടെ നടന്ന സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലിസ് നടപടി അംഗീകരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സമരക്കാര്‍ക്കു നേരെ അക്രമം നടത്തിയ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇടത് സര്‍ക്കാരിന്റെ പോലിസ് നയം ഇതല്ലെന്നും സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ എസ് ശര്‍മ ആവശ്യപ്പെട്ടു. എംഎല്‍എമാരായ ഹൈബി ഈഡന്‍, പി ടി തോമസ്, കെ വി തോമസ് എംപി, കോണ്‍ഗ്രസ് നേതാക്കളായ കെ ആര്‍ സുഭാഷ്, ലതിക സുഭാഷ്, ബെന്നി ബെഹനാന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top