പുതുവല്‍സര പരിപാടികള്‍ക്ക് അനുമതി വാങ്ങണമെന്ന് പോലിസ്‌

കൊല്ലം: നവവല്‍സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പരിധിയില്‍ സംഘടിപ്പിക്കുന്ന മുഴുവന്‍ പരിപാടികളും പോലിസിന്റെ അറിവിലും സാന്നിധ്യത്തിലും മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. കൊല്ലം സിറ്റി ജില്ലയില്‍ ഉള്‍പ്പെടുന്ന കൊല്ലം ബീച്ച്, പരവൂര്‍ ബീച്ച്, അഴീക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പുതുവല്‍സര ആഘോഷ പരിപാടികള്‍ രാത്രി 12.30 ന് അവസാനിപ്പിക്കുന്ന തരത്തില്‍ സംഘടിപ്പിക്കാന്‍ സംഘാടകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയിലെ പോലിസുദ്ദ്യോഗസ്ഥരേയും സായുധ പോലിസിനേയും സബ് ഡിവിഷന്‍ തലത്തില്‍ ഏകോപിപ്പിച്ച് സുരക്ഷാ സംവിധാനം ഈ ആഘോഷകാലത്തേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപനം തടയുന്നതിനായി പ്രത്യേക പോലിസ് സംഘം പരിശോധനകള്‍ നടത്തും. കൂടാതെ ജില്ലയിലെ മുഴുവന്‍ പോലിസ് സ്റ്റേഷനുകളിലും അവരുടെ അധികാരാതിര്‍ത്തികളില്‍ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരേ തിരച്ചില്‍ നടത്തുവാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുവല്‍സരത്തോടനുബന്ധിച്ച് മദ്യപിച്ച് വാഹനം ഓടിക്കുക, അപകടകരമായി വാഹനം ഓടിക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍ ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ വാഹന പാര്‍ക്കിങ് നടത്തുക തുടങ്ങിയ ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ലൈസന്‍സ് റദ്ദാക്കലടക്കമുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളും. ഗ്രാമ, നഗര ഭേദമില്ലാതെ നിരത്തുകള്‍ കേന്ദ്രീകരിച്ച് ദിവസം മുഴുവന്‍ വാഹന പരിശോധനയുണ്ടായിരിക്കും. രാത്രികാല വാഹന പരിശോധന ആഘോഷനാളുകളില്‍ കര്‍ശനമാക്കും. പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് ക്രമരഹിതമായി പെരുമാറുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. രാത്രികാലങ്ങളിലും പകല്‍ സമയത്തും പ്രധാന റോഡുകള്‍, ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, മദ്യശാലകള്‍, സിനിമാ തീയേറ്ററുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പോലിസിന്റെയും നിഴല്‍ പോലിസിന്റെയും പട്രോളിങ് ഉണ്ടായിരിക്കും. വനിതാ പോലിസ്, പിങ്ക് ബീറ്റ് എന്നിവയുടെ മഫ്തിയിലും അല്ലാതെയും തിരക്കുള്ള സ്ഥലങ്ങളിലും, ബീച്ചുകളിലും മറ്റും പ്രത്യേക പട്രോളിങ് പാര്‍ട്ടികളേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലും ദേശീയ സംസ്ഥാന പാതകളിലും മറ്റു പ്രധാന റോഡുകളിലും ഗതാഗത നിയന്ത്രണത്തിനും പരിശോധനയ്ക്കുമായി പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലും സിസിടിവി കാമറകള്‍ ഉപയോഗിച്ച് പോലിസ് കണ്‍ട്രോള്‍ റൂമില്‍ ഒരു പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതിനായി ദേശീയ സംസ്ഥാന പാതകളിലും നഗര ഹൃദയത്തിലും  സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള കാമറകള്‍ കൂടാതെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കാമറകള്‍ നിരീക്ഷണത്തിനായി സ്ഥാപിച്ച് കഴിഞ്ഞതായും കമ്മീഷണര്‍ അറിയിച്ചു. പുതുവല്‍സരത്തോടനുബന്ധിച്ചുള്ള പോലിസ് ക്രമീകരണങ്ങളെയും വിലയിരുത്തുന്നതിനായി ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം പോലിസ് മേധാവിയുടെ ആസ്ഥാനത്ത് കൂടും. ക്രമസമാധാന-ഗതാഗത ലംഘനങ്ങളെയും ലഹരി ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ 1090, 100, 0474-27442265, 0474-2764422 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

RELATED STORIES

Share it
Top