പുതുവല്‍സരാഘോഷങ്ങളുടെ മറവില്‍ അക്രമം: കൃഷിഭവന്‍ അടിച്ചു തകര്‍ത്തു

ശാസ്താംകോട്ട: പുതുവല്‍സരാഘോഷങ്ങളുടെ മറവില്‍ മൈനാഗപ്പള്ളി ഉദയാ ജങ്ഷനില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി. മൈനാഗപ്പള്ളി കൃഷി ഭവന്‍ അക്രമിക്കുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ കാരാളിമുക്കില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. കുന്നത്തൂര്‍ താലൂക്കില്‍ പോലിസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരുന്നു. എങ്കിലും ഇതിനിടയിലാണ് മൈനാഗപ്പള്ളി കൃഷിഭവന് നേരെയും കാരാളിമുക്ക് തോപ്പില്‍ മുക്കില്‍ ഹോട്ടലിന് നേരേയും അക്രമം നടന്നത്. കൃഷിഭവന്റെ ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ക്കുകയും മുറ്റത്ത് വളര്‍ത്തിയിരുന്ന ഗ്രോബാഗുകള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമികളുടെ ദൃശ്യം സമീപത്തെ വീടിന്റെ സിസിടിവി യിലൂടെ പോലിസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പുതുവല്‍സര ദിവസം ഇതേ സംഘം ഉദയാജങ്ഷന്‍ കേന്ദ്രീകരിച്ച് അക്രമം നടത്തിയിരുന്നു. അന്ന് ഒരു കാറിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു. പോലിസ് കേസ്സെടുത്ത് നടപടി ആരംഭിച്ചങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് കേസ്സ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതാണ് ഈ വര്‍ഷവും അക്രമം നടത്താന്‍ പ്രചോദനമായത്. കാരാളിമുക്ക് തോപ്പില്‍ മുക്കില്‍ പ്രവര്‍ത്തിക്കുന്ന നെടുമ്പ്രത്ത് ഹോട്ടലിലാണ് മറ്റൊരു അക്രമം നടന്നത്. രാത്രി പത്തരയോടെ ബൈക്കിലെത്തിയ പന്ത്രണ്ടംഗ സംഘം ഹോട്ടലിനുള്ളില്‍ കടന്ന് എല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണെന്ന് സംശയിക്കുന്നു. അക്രമത്തില്‍ ഹോട്ടല്‍ ഉടമ മുജീബ്(29), ബന്ധു അബ്ദുല്‍ റഷീദ്(45) എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തി. ഇരുസംഭവത്തിലും ശാസ്താംകോട്ട പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top